പാകിസ്താനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

ശ്രീനഗര്‍: ഈ മാസം അവസാനം പാകിസ്താനുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നു പിന്‍മാറുന്നതായി വിദേശകാര്യ മന്ത്രാലയം. ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ മൂന്ന് പോലിസുകാരെ സായുധര്‍ തട്ടിക്കൊണ്ടുപോയി വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തുന്നതിനായിരുന്നു ധാരണയിലെത്തിയത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ നരേന്ദ്രമോദിക്ക് എഴുതിയ കത്തിലാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടത്.
കശ്മീരിനോടുള്ള ഐക്യദാര്‍ഢ്യമെന്ന പേരില്‍, 2016ല്‍ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ ബുര്‍ഹാന്‍ വാനിയെ മഹത്വവല്‍ക്കരിക്കുന്ന സ്റ്റാമ്പ് പാകിസ്താന്‍ പുറത്തിറക്കിയതും ചര്‍ച്ചയില്‍ നിന്നു പിന്മാറാന്‍ കാരണമായെന്ന് രവീഷ് കുമാര്‍ സൂചിപ്പിച്ചു. അധികാരത്തില്‍ കയറി കുറഞ്ഞ സമയം കൊണ്ടുതന്നെ ഇംറാന്‍ഖാന്റെ യഥാര്‍ഥ മുഖം വ്യക്തമായെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ചര്‍ച്ച നടത്തുന്നതില്‍ അര്‍ഥമില്ലെന്നും രവീഷ് കുമാര്‍ പറഞ്ഞു.
ഇന്നലെ രാവിലെയാണ് ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സായുധര്‍ മൂന്ന് പോലിസുകാരെ തട്ടിക്കൊണ്ടുപോയി വധിച്ചത്. സേനയില്‍ നിന്നു രാജിവച്ചില്ലെങ്കില്‍ വധിക്കുമെന്ന് സായുധര്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോയ മറ്റൊരു പോലിസുകാരനെ മോചിപ്പിച്ചു. പോലിസുകാരുടെ മൃതദേഹങ്ങള്‍ വെടിയേറ്റു തുളഞ്ഞനിലയില്‍ ഗംഗം ഗ്രാമത്തില്‍ നിന്നു കണ്ടെടുത്തതായും പോലിസ് അറിയിച്ചു. കര്‍പ്രാന്‍ ഗ്രാമത്തിലെ പോലിസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സായുധര്‍ ഇവരെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ആറു പോലിസുകാര്‍ ജോലി രാജിവച്ചു.
ഹിസ്ബുല്‍ മുജാഹിദീന്‍ പുറത്തുവിട്ട 12 മിനിറ്റ് നീണ്ട വീഡിയോയില്‍, പോലിസുകാരെ തട്ടിക്കൊണ്ടുപോയത് തങ്ങളാണെന്ന് കമാന്‍ഡര്‍ റിയാസ് നായിക് അവകാശപ്പെട്ടിരുന്നു. പോലിസ് പിടികൂടിയ സായുധരുടെ ബന്ധുക്കളെ മൂന്നു ദിവസത്തിനുള്ളില്‍ വിട്ടുകിട്ടണമെന്നും വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു. ഫിര്‍ദൗസ് അഹമ്മദ് കുച്ചേ, കുല്‍ദീപ് സിങ്, നിസാര്‍ അഹമ്മദ് ധോബി എന്നിവരെയാണ് കൊലപ്പെടുത്തിയത്.

Next Story

RELATED STORIES

Share it