World

പാകിസ്താനില്‍ പ്രതിസന്ധി നീങ്ങുന്നു; ഇമ്രാന്‍ ഖാന്‍ സഖ്യ ചര്‍ച്ച തുടങ്ങി

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ ഉടലെടുത്ത പ്രതിസന്ധി അയയുന്നു. ഫലപ്രഖ്യാപനത്തില്‍ പരാതിയുണ്ടെങ്കിലും ഇമ്രാന്‍ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ വിജയം അംഗീകരിക്കുന്നതായി മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിംലീഗ് നവാസ് (പിഎംഎല്‍-എന്‍) അറിയിച്ചു.
അതേസമയം പാര്‍ലമെന്റിലേക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ചെറു പാര്‍ട്ടി നേതാക്കളുമായും സ്വതന്ത്ര അംഗങ്ങളുമായും ചര്‍ച്ച ആരംഭിച്ചതായി റിപോര്‍ട്ടുണ്ട്. 117 സീറ്റാണ് പിടിഐ നേടിയത്. എന്നാല്‍ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 137 സീറ്റ് ലഭിക്കണം. ഇതോടെയാണ് ഇമ്രാന്‍ ഖാന്‍ സഖ്യ ചര്‍ച്ചകള്‍ക്ക് നീക്കം തുടങ്ങിയത്്.
ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബിഎപി), ഗ്രാന്റ് ഡെമോക്രാറ്റിക് അലയന്‍സ് (ജിഡിഎ), പാകിസ്താന്‍ മുസ്‌ലിംലീഗ് ഖ്വയ്ദ്(പിഎംഎല്‍ക്യു), അവാമി മുസ്‌ലിം ലീഗ് (എഎംഎല്‍), മുത്തഹിദെ ഖ്വാമി മൂവ്‌മെന്റ് പാകിസ്താന്‍ (എംക്യൂഎംപി) എന്നിവരുമായി പിടിഐ ചര്‍ച ആരംഭിച്ചു. ഇമ്രാന്‍ഖാന് പിന്തുണ നല്‍കാന്‍ ചെറു പാര്‍ട്ടികള്‍ തയ്യാറാണെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കാനാണ് തങ്ങള്‍ തിരഞ്ഞെടുപ്പു ഫലത്തെ അംഗീകരിക്കുന്നതെന്ന് പിഎംഎല്‍-എന്‍ അറിയിച്ചു. ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിക്കപ്പെടുന്ന പാര്‍ലമെന്റിനെ ബഹിഷ്‌കരിക്കില്ലെന്നും പ്രതിപക്ഷ സ്ഥാനത്തിരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.   തിരഞ്ഞെടുപ്പില്‍ 64 സീറ്റാണ് പിഎംഎല്‍-എന്‍ നേടിയത്. പിഎംഎല്‍-എന്നിന്റെ പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. 43 സീറ്റുമായി അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ പിപിപി മൂന്നാംസ്ഥാനത്തെത്തി.
സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 12 ഉം മുത്തഹിദെ മജ്‌ലിസെ അമല്‍ 13, എംക്യൂഎം 6, ബിഎപി 3, ബിഎന്‍പി, ജിഡിഎ 2 സീറ്റുകള്‍ വീതം, ശെയ്ഖ് റാഷിദിന്റെ അവാമി മുസ്‌ലിംലീഗ്, അവാമി നാഷനല്‍ പാര്‍ട്ടി  എന്നിവ ഓരോ സീറ്റ് വീതവും നേടി.
അതിനിടെ പിഎംഎല്‍-എന്നിന്റെയും മുത്തഹിദെ മജ്‌ലിസെ അമലി(എംഎംഎ)ന്റെയും നേതൃത്വത്തില്‍ വിശാല സഖ്യത്തിന് ശ്രമം നടത്തിയെങ്കിലും സഹകരിക്കാന്‍ പിപിപി തയ്യാറായിരുന്നില്ല.
തിരഞ്ഞെടുപ്പില്‍ സൈന്യം ഇടപെട്ടതായും ഫലം അംഗീകരിക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞദിവസം പിഎംഎല്‍-എന്‍ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് പാര്‍ട്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാ കക്ഷികള്‍ക്കും തുല്യ അവസരം ലഭിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ മോണിറ്ററിങ് ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it