World

പാകിസ്താനില്‍ പാര്‍ലമെന്റ,് പ്രവിശ്യാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സൈനിക സുരക്ഷയില്‍

ഇസ്‌ലാമാബാദ്: ഇന്ന് പാര്‍ലമെന്റ,് പ്രവിശ്യാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ പാകിസ്താനില്‍ കനത്ത സുരക്ഷ. 85,000 പോളിങ് കേന്ദ്രങ്ങളിലായി 37,13,888 സുരക്ഷാ ഭടന്മാരെയാണ് വിന്യസിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ തിരഞ്ഞെടുപ്പിന് വന്‍ സൈനിക സന്നാഹമൊരുക്കുന്നത്. പോളിങ് സ്‌റ്റേഷന്റെ അകത്തും പുറത്തും സായുധസൈന്യം കാവലുണ്ടാവും.
തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ പട്ടാളം ശ്രമിക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് സൈന്യം പോളിങ് സ്‌റ്റേഷനുകള്‍ നിയന്ത്രിക്കാനെത്തുന്നത്. എല്ലാ പോളിങ് സ്‌റ്റേഷനുകളിലും സൈനിക വിന്യാസം പൂര്‍ത്തിയായതായി സൈനിക നേതൃത്വം അറിയിച്ചു.
പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കനത്ത സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായി സൈന്യം മുന്നറിയിപ്പു നല്‍കി. പോളിങ് സ്‌റ്റേഷന്റെ അകത്തും പുറത്തും സൈന്യത്തെ വിന്യസിക്കുന്നതിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങള്‍ സൈന്യം പൂര്‍ണമായും പാലിക്കുമെന്നു സൈനിക മേധാവി ജനറല്‍ ഖമര്‍ ബജ്‌വ അറിയിച്ചു. വോട്ടെടുപ്പ് പൂര്‍ണമായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും സുരക്ഷാ ചുമതല മാത്രമേ സൈന്യം നിരവഹിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകള്‍ മറിയം ശരീഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ലാഹോര്‍ 127ലെ  വോട്ടെടുപ്പ് കമ്മീഷന്‍ മാറ്റിവച്ചു. പനാമ പേപ്പര്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് മറിയമിന് മല്‍സരിക്കുന്നതില്‍ നിന്നു അയോഗ്യത കല്‍പ്പിച്ചിരുന്നു.
അല്ലാഹു അക്ബര്‍ തഹ്‌രീകെ പാര്‍ട്ടിയുടെ ബാറില്‍ മല്‍സരിക്കുന്ന മൂന്ന് ജമാഅത്തുദ്ദഅ്‌വാ പ്രവര്‍ത്തകരോട് തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ഹാജരാക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്്.   പാകിസ്താന്‍ മുസ്‌ലിംലീഗ്-നവാസ് (പിഎംഎല്‍-എന്‍), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി), പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പിടിഐ) എന്നീ മൂന്നു പാര്‍ട്ടികള്‍ തമ്മിലാണു പ്രധാന മല്‍സരം.  അഴിമതിക്കേസില്‍ നവാസ് ശരീഫും മകളും ശിക്ഷിക്കപ്പെടുകയും ഭൂട്ടോയുടെ പാര്‍ട്ടിയായ പിപിപിക്ക് സ്വാധീനം കുറയുകയും ചെയ്തതോടെ ഇംറാന്‍ ഖാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിക്ക് മുന്നേറ്റം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇംറാന്‍ ഖാനോടാണ് പട്ടാള നേതൃത്വത്തിനു താല്‍പ്പര്യമെന്നും റിപോര്‍ട്ടുണ്ട്. ദേശീയ അസംബ്ലിയിലേക്കും നാലു പ്രവിശ്യാ ഭരണസമിതികളിലേക്കുമുള്ള 849 സീറ്റുകളില്‍ 11,855 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. 342 അംഗ ദേശീയ അസംബ്ലിയിലേക്ക് 272 അംഗങ്ങളെയാണു വോട്ടര്‍മാര്‍ നേരിട്ട് തിരഞ്ഞെടുക്കുന്നത്.
എന്നാല്‍, പലതവണ പട്ടാള അട്ടിമറിക്ക് സാക്ഷ്യം വഹിച്ച രാജ്യത്ത് തിരഞ്ഞെടുപ്പ് തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് സൈന്യത്തിന്റെ നീക്കമെന്നും ആരോപണമുണ്ട്. തിരഞ്ഞെടുപ്പു റാലികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ 200ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it