പാകിസ്താനില്‍ നാലുപേരെ തൂക്കിക്കൊന്നു

മുല്‍ത്താന്‍(പാകിസ്താന്‍): പാകിസ്താനില്‍ വിവിധ കേസുകളിലായി തടവില്‍ കഴിയുകയായിരുന്ന നാലുപേരെ തൂക്കിക്കൊന്നു. രാജ്യത്ത് വധശിക്ഷ നടപ്പാക്കുന്നത് വര്‍ധിച്ചുവരുന്നതിനെതിരേ ആഗോളതലത്തില്‍ പ്രതിഷേധമുയരുന്നതിനിടെയാണ് പാകിസ്താന്റെ പുതിയ നടപടി.
പഞ്ചാബിലെ മുല്‍ത്താന്‍, ഝാങ്, സിയാല്‍കോട്ട് എന്നിവിടങ്ങളിലും സിന്ധിലെ ലര്‍ക്കാനയിലുമുള്ള ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കിയത്. മുള്‍താനില്‍ അന്‍വാറുല്‍ ഹഖിനെയാണ് വധശിക്ഷയ്ക്കു വിധേയനാക്കിയത്. 2000ല്‍ ഭൂമി തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനെ കൊലപ്പെ—ടുത്തിയ കേസിലാണ് ശിക്ഷ. 1999ല്‍ കുടുംബങ്ങള്‍ തമ്മിലുള്ള പകയുടെ പേരില്‍ രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയും കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുകയായിരുന്ന ഗുലാം ഫാറൂഖിനെയാണ് സിയാല്‍കോട്ട് ജയിലില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയത്. മോഷണത്തിനിടെ വീട്ടുടമസ്ഥയെ കൊന്ന കേസില്‍ മുഹമ്മദ് ഇര്‍ഫാനെയാണ് ഝങ് ജയിലില്‍ തൂക്കിക്കൊന്നത്. 2006ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വാരിസ് മിര്‍ ബാഹ്‌റാണ് ലര്‍കാന ജയിലില്‍ വധശിക്ഷയ്ക്കു വിധേയനായത്. 1995ല്‍ വിമാനജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വാനില്‍ നിന്ന് പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം.
ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്താനെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ വ്യക്തമാക്കിയിരുന്നു. ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
Next Story

RELATED STORIES

Share it