പാംപോര്‍ ആക്രമണം: ജമ്മുകശ്മീരിലെ സൈനിക സുരക്ഷ വിലയിരുത്തി

ശ്രീനഗര്‍: പാംപോറില്‍ നടന്ന ആക്രമണവും അടുത്തുവരുന്ന അമര്‍നാഥ് തീര്‍ത്ഥാടനവും മുന്‍നിര്‍ത്തി ഉന്നത ഉദ്യോഗസ്ഥര്‍ കശ്മീര്‍ താഴ്‌വരയിലെ സൈനിക സുരക്ഷ വിലയിരുത്തി. ജമ്മുകശ്മീര്‍ പോലിസ് ഡയറക്ടര്‍ ജനറല്‍ കെ രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ നിലവിലുള്ള സുരക്ഷ അവലോകനം ചെയ്തത്.
സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതിന് എല്ലാ സൈനിക വിഭാഗങ്ങളും രഹസ്യാന്വേഷണ വിഭാഗവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. വിവിധ മേഖലകളിലെ വളര്‍ച്ചയ്ക്കും വികസനത്തിനും സമാധാനം അത്യാവശ്യ ണെന്നും അദ്ദേഹം പറഞ്ഞു. എന്തു വിലകൊടുത്തും സമാധാനം നിലനിര്‍ത്തണം.
സിആര്‍പിഎഫ്, ബിഎസ്എഫ്, കരസേന, ഐടിബിപി, രഹസ്യാന്വേഷണ വിഭാഗം എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ജൂലൈ ആദ്യവാരത്തില്‍ തുടങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥയാത്രയും യോഗത്തില്‍ ചര്‍ച്ചചെയ്തു. അതിനിടെ, പാംപോര്‍ പോലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേഖലയിലെ സുരക്ഷ പുന:പരിശോധിക്കണമെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
അനന്തനാഗിലും തുടര്‍ന്ന് പാംപോറിലുമുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ മൊത്തം സുരക്ഷ അവലോകനം ചെയ്യുമെന്ന് സര്‍ക്കാര്‍ വക്താവും വിദ്യാഭ്യാസ മന്ത്രിയുമായ നയീം അക്തര്‍ നിയമസഭയില്‍ പറഞ്ഞു. പാംപോര്‍ ആക്രമണം സഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ക്കു മറുപടിയായാണ് മന്ത്രി പ്രസ്താവന നടത്തിയത്. ആക്രമത്തെ സഭ അപലപിക്കണമെന്നും പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുമാണ് അംഗങ്ങള്‍ സഭയില്‍ ആവശ്യപ്പെട്ടത്. സൈനികര്‍ കൊല്ലപ്പെട്ട ദിവസം പാകിസ്താന്‍ ഹൈക്കമ്മീഷന്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കശ്മീര്‍ നേതാക്കളെ സര്‍ക്കാര്‍ അനുവദിച്ചത് നിര്‍ഭാഗ്യകരമാണെന്ന് ബിജെപിയിലെ രമേശ് അറോറ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it