പശ്ചിമ ബംഗാള്‍: ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്

കൊല്‍ക്കത്ത: ഗംഗാസാഗര്‍ മേളയില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്ത് പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഹിന്ദു വോട്ടര്‍മാരെ പാര്‍ട്ടിയോട് അടുപ്പിക്കാനും ബിജെപിയുടെ ന്യൂനപക്ഷ പ്രീണനമെന്ന ആരോപണം ചെറുക്കാനും ഇതിലൂടെ കഴിയുമെന്നാണു മമതാ ബാനര്‍ജി സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.വെള്ളിയാഴ്ച സെക്രട്ടേറിയറ്റില്‍ നടന്ന ഉന്നതതല യോഗത്തിലാണ് അടുത്തവര്‍ഷം ഗംഗാ സാഗറിലേക്കു വരുന്ന തീര്‍ത്ഥാടകര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുമെന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്. ഇതിന്റെ പ്രീമിയം തുക മുഴുവനും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ സാഗ്ര ദ്വീപുകളില്‍ ഗംഗാനദീ തടത്തില്‍, മകരസംക്രാന്തി വേളയില്‍ നടക്കുന്ന ഗംഗാസാഗര്‍ മേളയില്‍ അഞ്ചു മുതല്‍ ആറുലക്ഷം വരെ തീര്‍ത്ഥാടകര്‍ പങ്കെടുക്കുമെന്നാണു കണക്ക്. ജനുവരി രണ്ടാം വാരത്തിലാണ് ഇതു നടക്കുന്നത്. ബംഗാള്‍ പഞ്ചായത്ത് അഫയേഴ്‌സ് ആന്റ് റൂറല്‍ ഡവലപ്‌മെന്റ് മന്ത്രി സുബ്രതാ മുഖര്‍ജി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it