പശ്ചിമ ബംഗാളില്‍ മമതയുടെ വിജയം ചരക്കുസേവന നികുതി ബില്ല്: മോദി സര്‍ക്കാരിനു പ്രതീക്ഷ

ന്യൂഡല്‍ഹി: ബംഗാളില്‍ മമതാ ബാനര്‍ജി വീണ്ടും വിജയിച്ചതോടെ ചരക്കുസേവന നികുതി ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ മമതയുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ബില്ലിനു പിന്തുണ നല്‍കുമെന്ന് മമത പ്രഖ്യാപിച്ചതാണു രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാരിനു പ്രതീക്ഷ നല്‍കുന്നത്. സമീപകാലത്തൊന്നും രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ജൂണ്‍ 11നു ചില സംസ്ഥാനങ്ങളില്‍ നടക്കാനിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കിട്ടാവുന്ന ഏതാനും സീറ്റുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു സര്‍ക്കാര്‍. ഈ തിരഞ്ഞെടുപ്പ് നടന്നാലും സര്‍ക്കാരിനു സഭയില്‍ ഭൂരിപക്ഷം ലഭിക്കുമായിരുന്നില്ല. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനും ഇടതുപക്ഷത്തിനും കനത്ത തിരിച്ചടി നേരിട്ടതിനാല്‍ രാജ്യസഭയിലുള്ള അവരുടെ അംഗസംഖ്യ സമീപകാലത്തൊന്നും കൂടില്ലെന്ന് ഉറപ്പാണ്. ബില്ലിനെ ശക്തമായി എതിര്‍ക്കുന്നവരാണ് ഈ രണ്ടു പാര്‍ട്ടികളും. തൃണമൂലിന്റെയും മറ്റു ചെറുപാര്‍ട്ടികളുടെയും പിന്തുണ കൂടി നേടാനായാല്‍ ബില്ലിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്സിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്നാണു സര്‍ക്കാര്‍ കരുതുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സിന് 12 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. സഭയില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ സീറ്റുകള്‍ കൂടാന്‍ സാധ്യതയുണ്ട്. സമാജ്‌വാദി പാര്‍ട്ടി, ബിജെഡി, ബിഎസ്പി തുടങ്ങിയ കക്ഷികളുടെ പിന്തുണയും കിട്ടുമെന്ന പ്രതീക്ഷയുണ്ട്. എഐഎഡിഎംകെ ബില്ലിനെ എതിര്‍ക്കുന്നുണ്ടെങ്കിലും അത് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നു സര്‍ക്കാര്‍ കരുതുന്നു. ബിജെപി അസം പിടിച്ചെങ്കിലും അതു രാജ്യസഭയില്‍ സമീപകാലത്തൊന്നും സര്‍ക്കാരിനു ഗുണം ചെയ്യില്ല. 2019 ജൂണ്‍ വരെ അവിടെ നിന്ന് ഒഴിവ് വരില്ല. തമിഴ്‌നാട്, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന, യുപി എന്നിവിടങ്ങളില്‍ നിന്നായി 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനുണ്ട്. ബിജെപി നാലു സീറ്റുകളിലും തെലുങ്കുദേശം പാര്‍ട്ടി മൂന്നു സീറ്റുകളിലുമാണു ജയിക്കാന്‍ സാധ്യത. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൂടി 14 പേര്‍ വന്നാല്‍ ആകെ 18 സീറ്റാകും.
Next Story

RELATED STORIES

Share it