പശ്ചിമഘട്ട സംരക്ഷണം; സംസ്ഥാനങ്ങളുടെ യോഗം ഈ മാസം വിളിക്കും: കേന്ദ്രമന്ത്രി

കൊച്ചി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനങ്ങളുടെ യോഗം ഈ മാസം വിളിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിശ്ചയിക്കുന്നത് സംബന്ധിച്ച് തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളൊക്കെ കേന്ദ്രത്തിന് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കര്‍ണാടക, ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെയാണ് യോഗത്തിലേക്ക് വിളിക്കുക. കേരളവും തമിഴ്‌നാടും വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. അതുകൊണ്ടു തന്നെ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കും. നിര്‍ദിഷ്ട ആതിരപ്പിള്ളി പദ്ധതി സംബന്ധിച്ച പ്രാഥമിക റിപോര്‍ട്ട് റീജ്യനല്‍ ഓഫിസില്‍ ലഭിച്ചിട്ടുണ്ട്. മറ്റു കാര്യങ്ങള്‍ റീജ്യനല്‍ ഓഫിസിന്റെ റിപോര്‍ട്ട് പരിഗണിച്ചശേഷം തീരുമാനിക്കും. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റു മന്ത്രിമാര്‍ക്കും എതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയണമെന്നും ജാവദേക്കര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ ഇത്രയും മോശമായ പരാമര്‍ശങ്ങള്‍ ഇതിനു മുമ്പ് ഉയര്‍ന്നു കേട്ടിട്ടില്ല. രാജ്യത്തെ മുഴുവന്‍ വിഷയങ്ങള്‍ക്കും രാഹുലിന് അഭിപ്രായമുണ്ട്. കേരളത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ മാത്രം അദ്ദേഹം മിണ്ടുന്നില്ലെന്നും ജാവദേക്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it