ernakulam local

പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന വിമാനത്താവളം വേണ്ട: അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി: പ്രകൃതിയെ നശിപ്പിക്കുന്ന അനാവശ്യ വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് വെയ്ക്കണമെന്നു അടൂര്‍ ഗോപാലകൃഷ്ണന്‍. ഓയിസ്‌ക ഇന്റര്‍നാഷണല്‍ ദക്ഷിണേന്ത്യന്‍ ചാപ്റ്ററും കളമശ്ശേരി സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്് ആന്റ് എന്‍ട്രപ്രോണര്‍ഷിപ്പും (സൈം) ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓയിസ്‌ക ഗ്ലോബല്‍ യൂത്ത് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് വിമാനത്താവളങ്ങളുള്ള കേരളം നാലാമത് ഒന്നിന്റെ ഉദ്ഘാടനം കാത്തിരിക്കുകയാണ്. അഞ്ചാമത് വിമാനത്താവളം പശ്ചിമഘട്ടത്തില്‍ സ്ഥാപിക്കാന്‍ ആലോചന നടക്കുന്നു. നാല് വിമാനത്താവളങ്ങള്‍ തന്നെ കേരളത്തിന് അധികമാണ്. പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന മറ്റൊരു വിമാനത്താവളത്തിന്റെ ആവശ്യം കേരളത്തിനില്ല. കേരളത്തിന്റെ വനഭൂമിയും പ്രകൃതി സൗന്ദര്യവും നശിപ്പിക്കുന്ന വിമാനത്താവളം വേണ്ടെന്ന് വയ്ക്കണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഒയിസ്‌ക ദക്ഷിണേന്ത്യന്‍ പ്രസിഡന്റുമായ കെ വി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഒയിസ്‌ക ഇന്റര്‍നാഷനല്‍ അസി. സെക്രട്ടറി ജനറല്‍ എം അരവിന്ദ് ബാബു, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. ജെ ലത, സൈം കൊച്ചി ചെയര്‍മാന്‍ ഡോ. ജെ അലക്‌സാണ്ടര്‍, ഓയിസ്‌ക ജപ്പാന്‍ പ്രസിഡന്റ്് എല്‍സുകോ നകാനോ, ഒയിസ്‌ക സെക്രട്ടറി ജനറല്‍ യാസുകി നാഗിഷി, കന്നഡ നടനും സംവിധായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുരേഷ് ഹെബഌക്കര്‍, ഔഷധി ചെയര്‍മാന്‍ ഡോ. കെ ആര്‍ വിശ്വംഭരന്‍, സൈം ഡയറക്ടര്‍ ബോര്‍ഡ് അംഗം വി ഒ സെബാസ്റ്റ്യന്‍, ഡോ. മനോജ് വര്‍ഗീസ്, കെ പി അബൂബക്കര്‍ സംസാരിച്ചു. ഒയിസ്‌ക യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമ, ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷ്, ഡോ. ഗായത്രി സുബ്രഹ്മണ്യം, ആര്യ ഗോപി എന്നിവര്‍ക്ക് സമ്മാനിച്ചു.
Next Story

RELATED STORIES

Share it