പശ്ചിമഘട്ടത്തില്‍ രണ്ട് പുതിയ ഇനം ശുദ്ധജല മല്‍സ്യങ്ങള്‍

കൊച്ചി: പശ്ചിമഘട്ട പര്‍വതനിരകളിലെ ശുദ്ധജല നീരുറവകളില്‍ നിന്ന് രണ്ടിനം പുതിയ മല്‍സ്യങ്ങളെ കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വയനാട്ടിലെ കബനീനദിയില്‍ നിന്നും മഹാരാഷ്ട്രയിലെ ഹിരണ്യകേശി നദിയില്‍ നിന്നുമാണ് പുതിയ മല്‍സ്യയിനങ്ങളെ കണ്ടെത്തിയത്. ബ്രിട്ടിഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെയും സഹകരണത്തോടെ കേരള ഫിഷറീസ് സമുദ്ര ശാസ്ത്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ ഇനം മല്‍സ്യങ്ങളെ കണ്ടെത്തിയത്.
കബനീനദിയില്‍ നിന്ന് കണ്ടെത്തിയ മല്‍സ്യത്തിന് ഡാറിയോ നീല എന്നാണ് പേരിട്ടിരിക്കുന്നത്. കുഫോസിലെ സ്‌കൂള്‍ ഓഫ് ഓഷ്യന്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പിഎച്ച്ഡി ഗവേഷകനായ വി കെ അനൂപാണ് ഡാറിയോ നീലയെ കണ്ടെത്തിയത്. കബനീനദിയില്‍ പെരിയക്കും ബോയ്‌സ് ടൗണിനും ഇടയിലാണ് ഡാറിയോ നീലയുടെ സാന്നിധ്യമുള്ളത്. ഈ ഇനത്തിലെ ആണ്‍മല്‍സ്യങ്ങളുടെ നീലനിറം പരിഗണിച്ചാണ് പുതിയ ഇനത്തിന് ഈ പേര് നല്‍കിയതെന്ന് അനൂപ് പറഞ്ഞു.
പശ്ചിമഘട്ട പര്‍വതനിരകളുടെ വടക്കേയറ്റത്തു നിന്ന് ഉദ്ഭവിക്കുന്ന ഹിരണ്യകേശി നദിയില്‍ നിന്നു കണ്ടെത്തിയ പുതിയ ഇനത്തിന് പെത്തിയ സാഹിത് എന്നാണു പേര് നല്‍കിയത്. കുഫോസിലെ ഫിഷ് ടാക്‌സോണമി അധ്യാപകനായ ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഈ മല്‍സ്യത്തെ കണ്ടെത്തിയത്. പുതിയ മല്‍സ്യയിനങ്ങളെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അനിമല്‍ ടാക്‌സോണമി ജേണലായ സൂടാക്‌സയി ല്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. ഇതോടെ പശ്ചിമഘട്ടത്തിലെ ശുദ്ധജല മല്‍സ്യങ്ങളുടെ പട്ടിക പുതിയ ഇനങ്ങളെ കൂടി ഉള്‍പ്പെടുത്തി ശാസ്ത്രലോകം പുതുക്കി. ലോകത്തെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ മേഖലകളിലൊന്നായാണ് കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തെ ശാസ്ത്രലോകം കണക്കാക്കുന്നത്.
Next Story

RELATED STORIES

Share it