ernakulam local

പശ്ചിമകൊച്ചിയിലേക്കുള്ള കുടിവെള്ള പൈപ്പ്‌ലൈന്‍ പൂര്‍ത്തിയായി



കൊച്ചി: പശ്ചിമകൊച്ചിയില്‍ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയിലേക്ക് 15 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം കൂടുതലായി എത്തിക്കുന്നതിനുള്ള പൈപ്പ്‌ലൈന്‍ പദ്ധതി കമ്മീഷനിങ്ങിന് സജ്ജമായി. സുരക്ഷാ പരിശോധനകളും ട്രയല്‍ റണ്ണും പൂര്‍ത്തിയായാലുടന്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും. നിലവില്‍ വിതരണം ചെയ്യുന്ന 25 ദശലക്ഷം ലിറ്ററിന് പുറമെ 15 ദശലക്ഷം ലിറ്റര്‍ കൂടി ലഭിക്കുന്നതോടെ ഈ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.ജനറം കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളമാണ് പുതുതായി സ്ഥാപിച്ച 700 എംഎം പൈപ്പ്‌ലൈനിലൂടെ ഫോര്‍ട്ടുകൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കുമെത്തുക. 755 ലക്ഷം രൂപയാണ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ജനറം പദ്ധതിയില്‍ നിന്നുള്ള വെള്ളം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സിഫ്റ്റ് ജങ്ഷനില്‍ നിന്നും ഹാര്‍ബര്‍ പാലം കടന്ന് തോപ്പുംപടി വഴി കരുവേലിപ്പടിയിലുള്ള ടാങ്കില്‍ എത്തിച്ചാണ് വിതരണം. 2.8 കിലോമീറ്റര്‍ നീളത്തില്‍ ഉന്നത നിലവാരമുള്ള 700 എംഎം പൈപ്പുകളാണ് കരുവേലിപ്പടിയിലേക്ക് സ്ഥാപിച്ചത്.പശ്ചിമകൊച്ചി മേഖലയില്‍ അമ്പതിനായിരം കുടുംബങ്ങളിലായി ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല പറഞ്ഞു.പെരിയാറിലെ ചൊവ്വര പമ്പ് ഹൗസില്‍ നിന്നും മട്ടാഞ്ചേരിയിലേക്കും കൊച്ചിയിലേക്കും വെള്ളമെത്തിക്കുന്നതിനുള്ള നിലവിലെ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത് 1914ലാണ്. 2.3 എംഎല്‍ഡി വെള്ളമായിരുന്നു ചൊവ്വരയില്‍ നിന്നുള്ള വിതരണശേഷി. ആലുവയില്‍ പ്ലാന്റ് സ്ഥാപിച്ചതിന് ശേഷം വിവിധഘട്ടങ്ങളിലായി ഇത് 225 എംഎല്‍ഡി വരെ ഉയര്‍ത്തി. പശ്ചിമകൊച്ചിയിലേക്കുള്ള വിതരണത്തിനായി ആലുവയില്‍ നിന്നുള്ള വെള്ളം 900 എംഎം സിഐ പൈപ്പുകളിലൂടെ പെരുമാനൂര്‍ പമ്പ് ഹൗസിലെത്തിച്ച ശേഷം കരുവേലിപ്പടി പമ്പ് ഹൗസിലേക്ക് 700 എംഎം പ്രിമോ പൈപ്പ് ലൈനിലൂടെയാണ് പമ്പു ചെയ്തിരുന്നത്.വിശാല കൊച്ചി മേഖലയും കൊച്ചി നഗരവും അതിദ്രുതം വികസിച്ചതോടെ വെള്ളത്തിനായുള്ള ആവശ്യം പതിന്‍മടങ്ങായി വര്‍ധിച്ചു. എറണാകുളം ഭാഗത്തെ വിതരണത്തിന് ശേഷം പശ്ചിമകൊച്ചിയിലേക്ക് ആവശ്യത്തിന് വെള്ളം കിട്ടാതായി. തുടര്‍ന്ന് 2000ന്റെ ആദ്യപാദത്തില്‍ ഡിഎഫ്‌ഐഡി സഹായത്തോടെ പ്രത്യേക പദ്ധതികള്‍ നടപ്പാക്കി പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചു. എന്നാല്‍ പഴക്കം ചെന്ന പ്രിമോ പൈപ്പുകള്‍ക്ക് പമ്പിങ് മര്‍ദ്ദം താങ്ങാനാവാത്തതിനാല്‍ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങള്‍ക്കായി വിഭാവനം ചെയ്ത ഈ പദ്ധതികള്‍ ഉദ്ദേശിച്ച ഫലം ചെയ്തില്ല.പെരുമാനൂരില്‍ നിന്നും തേവരയിലേക്കുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതില്‍ കാലതാമസം നേരിട്ടതോടെ ജനറം പദ്ധതി പശ്ചിമകൊച്ചിയിലേക്ക് നീട്ടുന്നതിനായി ശ്രമം.  ആവശ്യമായ പൈപ്പുകള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തന്നെ ലഭ്യമായെങ്കിലും റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും കൊച്ചി നഗരസഭയില്‍ നിന്നും അനുമതി ലഭിക്കുന്നത് നീണ്ടുപോയി.സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളുടെ യോഗം ഡിസംബര്‍ 16ന് ജില്ലാ കലക്ടറുടെയും ജല അതോറിറ്റി മാനേജിങ് ഡയറക്ടറുടെയും സാന്നിധ്യത്തില്‍ ചേര്‍ന്നു. രൂക്ഷമായ വരള്‍ച്ച മുന്നില്‍ കണ്ട് ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ റോഡുകള്‍ കുഴിച്ച് പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് ജനുവരിയിലാണ് കലക്ടര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത്.
Next Story

RELATED STORIES

Share it