പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് കേരള ഹൗസില്‍ റെയ്ഡ് ; പ്രതിഷേധമിരമ്പി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് ഡല്‍ഹി പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ കേരള ഹൗസിലെ കാന്റീനില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. കേരള സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തില്‍ ഡല്‍ഹി പോലിസ് അതിക്രമിച്ചുകയറിയത് ശരിയായില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ബിജെപി സേനയെപ്പോലെയാണ് ഡല്‍ഹി പോലിസ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരള ഹൗസ് സ്വകാര്യ ഹോട്ടലല്ല, സര്‍ക്കാര്‍ സ്ഥാപനമാണ്. ഡല്‍ഹി പോലിസിനു കേരള ഹൗസില്‍ കയറേണ്ട കാര്യമില്ല. അത് ഫെഡറല്‍ സംവിധാനത്തിനെതിരായ നടപടിയാണ്. മോദിക്കോ ബിജെപിക്കോ ഇഷ്ടമില്ലാത്തത് കഴിച്ചാല്‍ ഡല്‍ഹി മുഖ്യമന്ത്രിയെയും ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്യുമോ എന്നും കെജ്‌രിവാള്‍ ചോദിച്ചു.
പോലിസ് റെയ്ഡ് നടത്തിയ സംഭവം തെറ്റായിപ്പോയെന്ന് കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രതികരിച്ചു. സ്റ്റാഫ് കാന്റീനില്‍ പാകം ചെയ്യുന്നത് പോത്തിറച്ചിയാണ്. ഇന്ത്യാ ഗവണ്‍മെന്റ് ബീഫ് വില്‍ക്കുന്നതിനോ കഴിക്കുന്നതിനോ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. കാന്റീനില്‍ ബീഫ് വില്‍ക്കുന്നതിനു നിയമതടസ്സമില്ലെന്നും കേരള ഹൗസില്‍ സന്ദര്‍ശനം നടത്തിയ ശേഷം ജിജി തോംസണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. കേരള ഹൗസിലേക്ക് അതിക്രമിച്ചുകയറിയവര്‍ക്കെതിരേ റസിഡന്റ് കമ്മീഷണര്‍ പരാതി നല്‍കിയിട്ടുണ്ട്. വിശദമായി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, കേരള ഹൗസ് കാന്റീനില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസി പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്നുണ്ടായ സ്വാഭാവികമായ മുന്‍കരുതല്‍ നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയ്ഡ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ട്.
അതിനിടെ, പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് സംഘര്‍ഷവും പോലിസ് റെയ്ഡും ഉണ്ടായതിനെത്തുടര്‍ന്ന് പോത്തിറച്ചി വിളമ്പുന്നത് നിര്‍ത്തിവച്ച നടപടി പിന്‍വലിച്ചു. ഇന്നു മുതല്‍ വീണ്ടും ബീഫ് വിഭവങ്ങള്‍ കാന്റീനില്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ഹൗസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
കേരള ഹൗസില്‍ റെയ്ഡ് നടത്തിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ മലയാളികളുടെ ആത്മാഭിമാനത്തെയും ഭക്ഷണരീതിയെയുമാണ് ചോദ്യം ചെയ്തതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കേരള ഹൗസില്‍ ഇടത് എംപിമാര്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it