Flash News

പശുവിന്റെ പേരില്‍ വീണ്ടും ആക്രമണം : മുസ്‌ലിം ക്ഷീരകര്‍ഷകനെ ഗോരക്ഷകര്‍ മര്‍ദിച്ചവശനാക്കി



റാഞ്ചി: വീടിനു പുറത്ത് ചത്ത പശുവിനെ കണ്ടതിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ മുസ്‌ലിം ക്ഷീരകര്‍ഷകനു നേരെ ആക്രമണം. ഗിരിധ് ജില്ലയിലെ ബരിയാബാദില്‍ 55കാരനായ ഉസ്മാന്‍ അന്‍സാരിയെയാണ് ഗോ—രക്ഷകര്‍ മര്‍ദിച്ചത്. അക്രമികള്‍ ഇദ്ദേഹത്തിന്റെ വീടിന് തീയിടുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ അന്‍സാരിയെ വിദഗ്ധ ചികില്‍സയ്ക്കായി ധന്‍ബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജാര്‍ഖണ്ഡ് തലസ്ഥാനം റാഞ്ചിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഗിരിധ് ജില്ലയിലെ ഡിയോറി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 1000ഓളം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് പോലിസ് അറിയിച്ചു. കല്ലും വടികളുമായാണ് ഇവര്‍ അന്‍സാരിയുടെ വീട്ടിലെത്തിയത്. പോലിസ് സ്ഥലത്തെത്തുമ്പോഴേക്കും അന്‍സാരിയെ ജനക്കൂട്ടം മര്‍ദിച്ച് അവശനാക്കുകയും വീടിനു തീയിടുകയും ചെയ്തിരുന്നു. പോലിസ് ആ സമയം സംഭവ സ്ഥലത്ത് എത്തിയതുകൊണ്ടാണ് അന്‍സാരിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. അന്‍സാരിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കവേ പോലിസിനു നേരെയും സംഘം കല്ലെറിഞ്ഞു. തുടര്‍ന്ന് പോലിസ് ആകാശത്തേക്കു വെടിയുതിര്‍ത്തു. ജനക്കൂട്ടത്തിന്റെ കല്ലേറില്‍ 50 പോലിസുകാര്‍ക്ക് പരിക്കേറ്റു. പോലിസ് വെടിവയ്പില്‍ കൃഷ്ണ പണ്ഡിറ്റ് എന്നയാള്‍ക്കു പരിക്കേറ്റിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് 25 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. അന്‍സാരിയുടെ കുടുംബത്തെ സുരക്ഷിതമായ ഇടത്തേക്കു മാറ്റിയതായി പോലിസ് അറിയിച്ചു. അതേസമയം അന്‍സാരിയുടെ നില മെച്ചപ്പെ—ട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 200ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി ഗിരിധ് ഡെപ്യൂട്ടി കമ്മീഷനര്‍ ഉമ ശങ്കര്‍ സിങ് അറിയിച്ചു.
Next Story

RELATED STORIES

Share it