പശുവിന്റെ പേരില്‍ വീണ്ടും കൊല

ശ്രീനഗര്‍: ഉദ്ദംപൂരിലുണ്ടായ പെട്രോള്‍ബോംബാക്രമണത്തില്‍ പരിക്കേറ്റ ലോറി ജീവനക്കാരന്‍ മരിച്ചു. സഹിദ് അഹ്മദാണ് മരിച്ചത്. കന്നുകാലികളുടെ ജഡങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ച് ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധിക്കുന്നതിനിടെ ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിക്കു നേരെ പെട്രോള്‍ബോംബാക്രമണം നടത്തുകയായിരുന്നു. ഒമ്പതുദിവസം മരണത്തോട് മല്ലടിച്ചശേഷം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു സഹിദിന്റെ അന്ത്യം. ആക്രമണത്തില്‍ ലോറി ജീവനക്കാരനായ ഒരാള്‍ക്കു കൂടി പരിക്കേറ്റിരുന്നു. ഇയാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കശ്മീരിലേക്ക് പോവുകയായിരുന്ന ലോറിക്കു നേരെ ഈ മാസം ഒമ്പതിനാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചു പ്രതികള്‍ക്കെതിരേ പൊതുസുരക്ഷാനിയമം (പിഎസ്എ)ചുമത്തി. സന്തൂര്‍സിങ്, ധനേശ്, ഹരീഷ് സിങ്, കടോക്, ബല്‍ബഹാദൂര്‍സിങ്, വിരേന്ദര്‍സിങ് എന്നിവര്‍ക്കെതിരേയാണ് പിഎസ്എ ചുമത്തിയത്. ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്. കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുള്ളവരാണ് പ്രതികള്‍. സഹിദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ജന്മഗ്രാമമായ അനന്ത്‌നാഗ് ജില്ലയിലെ ബാട്ടന്‍ഗുയില്‍ ഇന്നലെ ബന്ദ് ആചരിച്ചു.ബാട്ടന്‍ഗുയിലും പരിസരപ്രദേശങ്ങളിലും പ്രതിഷേധക്കാര്‍ പോലിസുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചു.  സഹിദിന്റെ മരണത്തിന് ഉത്തരവാദികള്‍ ബിജെപിയും സഖ്യകക്ഷികളുമാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല ആരോപിച്ചു. സഹിദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് കശ്മീര്‍ താഴ്‌വരയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ വിവിധ കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്.മൃതദേഹം ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ വിമാനത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ സ്വദേശത്ത് എത്തിച്ചു. സംസ്‌കാരം ഇന്നു നടക്കും.
Next Story

RELATED STORIES

Share it