പശുവിനെ അറുത്തെന്ന് ആരോപിച്ച് വീണ്ടും ആക്രമണം

ന്യൂഡല്‍ഹി: ദാദ്രി സംഭവത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലും പശുവിനെ അറുത്തെന്ന് ആരോപിച്ചു സംഘര്‍ഷം. സംഭവത്തില്‍ 21 പേരെ പോലിസ് അറസ്റ്റു ചെയ്തു. പ്രക്ഷോഭകര്‍ പോലിസ്‌വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിടുകയും അക്രമത്തില്‍ നിരവധി പോലിസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥലത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കൃത്യവിലോപത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

മെയിന്‍പുരിയിലെ കര്‍ഹാല്‍ പ്രദേശത്ത് പശുവിനെ കശാപ്പ് ചെയ്തുവെന്ന് ചിലര്‍ അഭ്യൂഹം പരത്തിയതിനെ തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ചത്ത പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ രോഗം മൂലം ചത്തതാണെന്നു തെളിയുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സ്ഥലത്ത് പശുവിനെ അറുത്തെന്ന അഭ്യൂഹം പരന്നത്. തുടര്‍ന്ന് സംഘടിച്ചെത്തിയ ആളുകള്‍ പോലിസ്‌വാഹനങ്ങള്‍ക്കു പുറമേ സ്വകാര്യവാഹനങ്ങളും കത്തിച്ചു. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നോയില്‍ നിന്നു 200 കിലോമീറ്റര്‍ അകലെയാണ് മെയിന്‍പുരി. ഗ്രാമത്തിലെ വയലില്‍ പശുവിന്റെ ശവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോവധമാണെന്നു കിംവദന്തി പരത്തിയാണ് ആക്രമണങ്ങള്‍ ഉണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രപാല്‍ സിങ് അറിയിച്ചു.

എന്നാല്‍, തുടര്‍ന്നു നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കലാപകാരികളുടെ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞതായും മജിസ്‌ട്രേറ്റ് തന്നെ വ്യക്തമാക്കി. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. ചത്തുപോകുന്നവയെ നീക്കം ചെയ്യുന്ന തൊഴിലാളികള്‍ ചത്ത പശുവിനെ എടുത്തുകൊണ്ടുപോയി തോലുരിച്ചതാണ് ഗോവധമെന്ന കിംവദന്തി പരക്കാനിടയാക്കിയത്. പശുവിന്റെ തോലുരിച്ചവരെയും പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെയാണ് പോലിസ് 21 പേരെ അറസ്റ്റു ചെയ്തത്. രണ്ടാഴ്ച മുമ്പാണ് മെയിന്‍പുരിയില്‍ നിന്നു 300 കിലോമീറ്റര്‍ അകലെയുള്ള ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നും ബീഫ് കഴിച്ചുവെന്നും ആരോപിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍ അഖ്‌ലാഖ് എന്ന 52കാരനെ തല്ലിക്കൊന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it