പശുഭക്തി : മിഥ്യയും യാഥാര്‍ഥ്യവും

ശംസുല്‍  ഇസ്‌ലാം

ശ്രീരാമന്റെ പേരില്‍ രഥമുരുട്ടിയാണ് ഹിന്ദുത്വര്‍ ആദ്യം ജനങ്ങളെ കലാപത്തിലേക്കു നയിച്ചത്. പിന്നീട് വ്യാജമായ ലൗ ജിഹാദ് പ്രചാരണത്തിലൂടെയും 'ഘര്‍വാപസി' പദ്ധതിയിലൂടെയും അതു തുടര്‍ന്നു. ഇപ്പോഴത് പശുവിന്റെ പേരിലാണ് പ്രയാണം തുടരുന്നത്. പരിശുദ്ധ പശുവിനെ രക്ഷിക്കാനെന്ന നാട്യത്തില്‍ മുസ്‌ലിംകളെയും ദലിതുകളെയും കൊല്ലുകയും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യാത്ത ഇത്തരത്തിലുള്ള അനേകം സംഭവങ്ങളുണ്ട്. തങ്ങളുടെ ശൂരത്വം പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടി അത്തരം കൊലകളുടെയും ആക്രമണങ്ങളുടെയും ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ അക്രമികള്‍ തന്നെ പുറത്തുവിടുന്നത്. വിഭജനകാലത്ത് ഇന്ത്യയില്‍ നടന്ന കലാപങ്ങളെയാണ് അത് ഓര്‍മപ്പെടുത്തുന്നത്. രാജ്യത്തെ നിയമങ്ങളെ പേടിയില്ലാത്ത ക്രിമിനലുകള്‍ക്ക് ഭരണകൂടങ്ങളുമായുള്ള ചങ്ങാത്തമാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കൊലയും അക്രമവും നടത്തിക്കൊണ്ടുള്ള കളി ഹിന്ദുത്വശക്തികള്‍ എത്രമാത്രം ആഘോഷിക്കുന്നുവെന്നും ഈ ദൃശ്യങ്ങള്‍ കാണിച്ചുതരുന്നു. ഈ കൃത്യത്തിലൂടെ തങ്ങള്‍ മതപരമായ കടമ നിര്‍വഹിക്കുകയാണെന്നാണ് ഈ കുറ്റവാളികള്‍ വിശ്വസിക്കുന്നത്. കൊല ചെയ്യുന്നതിനു മുമ്പ് ഇരയെ കൊള്ളയടിക്കുകയും ചെയ്യുന്നുവെന്ന് ഈ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.മുതിര്‍ന്ന ആര്‍എസ്എസ് നേതാവും നമ്മുടെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദി ഇവരെ തള്ളിപ്പറഞ്ഞിട്ടും അക്രമങ്ങള്‍ തുടരുകയാണ്. പശുസംരക്ഷകരില്‍ അധികം പേരും സാമൂഹികവിരുദ്ധരാണെന്നാണ് 2016 ആഗസ്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. സ്വന്തം നാടായ ഗുജറാത്തിലെ ഉനയില്‍ നടന്ന സംഭവത്തിനുശേഷം മാത്രമാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ''പശുസംരക്ഷണത്തിന്റെ പേരില്‍ ചിലര്‍ അക്രമം നടത്തുന്നത് എന്നെ രോഷാകുലനാക്കുന്നു. പകല്‍സമയത്ത് പശുരക്ഷകരായി മുഖംമൂടി ധരിച്ചെത്തുന്ന ചിലര്‍ രാത്രികളില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി രസിക്കുകയാണ്''- ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞത്. ഒരുവര്‍ഷം മുമ്പ് അക്രമത്തെ ശക്തിയായി എതിര്‍ക്കുന്നുവെന്ന് തോന്നലുണ്ടാക്കുന്നവിധം പ്രധാനമന്ത്രി പ്രതികരിച്ചിട്ടും രാജ്യത്ത് പശുവിന്റെ പേരില്‍ അക്രമങ്ങള്‍ വ്യാപിക്കുകയാണു ചെയ്തത്. കൊലവിളിയും ആക്രമണവും നിയന്ത്രണാതീതമായി മുമ്പില്ലാത്തവിധം രൂക്ഷമായിരിക്കുകയാണ്. ഇതിനുള്ള കാരണങ്ങള്‍ രണ്ടാണ്: ഗോരക്ഷകരുടെ ആക്രമണത്തിനെതിരേയുള്ള സമൂഹത്തിന്റെ രോഷം തണുപ്പിക്കാന്‍ ഗാലറിയിലിരുന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് ഒന്ന്. അല്ലെങ്കില്‍, ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ള ഗോരക്ഷകര്‍ കഴിഞ്ഞവര്‍ഷം മോദി വിശേഷിപ്പിച്ച സാമൂഹികവിരുദ്ധരുടെ കൂട്ടത്തില്‍പ്പെടുന്നവരല്ല എന്നതാണ്. യഥാര്‍ഥ ഗോരക്ഷകരായി മോദിയുടെ അംഗീകാരം നേടിയിട്ടുള്ളവരാണവര്‍. ഈ ഗുണ്ടകള്‍ക്ക് ആര്‍എസ്എസിന്റെയും ക്രമസമാധാനപാലകരില്‍ ഒരു വിഭാഗത്തിന്റെയും പിന്തുണയുണ്ടെന്ന കാര്യം ഉറപ്പാണ്.നിര്‍ഭാഗ്യമെന്നു പറയട്ടെ, നീതിന്യായ വിഭാഗവും നീണ്ട മൗനത്തിലൂടെ ഇതിനൊപ്പമാണ്. സര്‍ക്കാരോ ഭരണനിര്‍വഹണ സ്ഥാപനങ്ങളോ നിയമത്തിനെതിരായി പ്രവര്‍ത്തിക്കുമ്പോള്‍ പൊതുജന സംരക്ഷണത്തിനായി ഇടപെടാന്‍ ബാധ്യതയുള്ള നീതിന്യായ വിഭാഗത്തിന്റെ മൗനം ഹൃദയഭേദകമാണ്. ഇതു കുറ്റവാളികള്‍ക്ക് പ്രോല്‍സാഹനമാണ് നല്‍കുന്നത്. ഗോരക്ഷകരായി രംഗത്തെത്തിയവര്‍ നടത്തിയ ആക്രമണങ്ങള്‍ തിരിച്ചറിയുന്നതിനു പകരം പശു ദേശീയമൃഗമാണെന്നും പശുവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ഉത്തരവിറക്കുകയാണ് രാജസ്ഥാന്‍ ഹൈക്കോടതിയിലെ ഒരു ജഡ്ജി ചെയ്തത് (പശുവിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് രാജസ്ഥാനിലാണ്. പെഹ്‌ലൂഖാനെതിരേയുള്ള അക്രമങ്ങളുടെ ദൃശ്യങ്ങള്‍ അടുത്തിടെ പശുരക്ഷകര്‍ പുറത്തുവിട്ടിരുന്നു).പശു പുണ്യമൃഗമാണെന്നു സ്ഥാപിക്കാനായി ചില ശാസ്ത്രീയ കാരണങ്ങളുണ്ടെന്ന കണ്ടുപിടിത്തവുമായി പ്രമുഖ ആര്‍എസ്എസ് നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ രാജ്‌നാഥ് സിങ് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ കൃഷിവകുപ്പിന്റെ ഒരു റിപോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട്, ആര്‍എസ്എസ് നേതാക്കളടക്കമുള്ള ഒരു യോഗത്തില്‍ അദ്ദേഹം പറഞ്ഞത്, പശുവില്‍ കാണുന്ന 80 ശതമാനം ജീനുകള്‍ മനുഷ്യശരീരത്തിലും കാണുന്നുവെന്നാണ്. ഇന്ത്യക്കാര്‍ പശുവിനെ സംരക്ഷിക്കുകയും ആരാധിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആര്‍എസ്എസ് ഭടനെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ വാദം വസ്തുതാപരമായി തെറ്റാണ്. ലോകപ്രശസ്ത ശാസ്ത്ര മാസികയായ സയന്‍സിനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യയിലെ ഒരു പ്രമുഖ ദിനപത്രത്തില്‍ വന്ന റിപോര്‍ട്ട് സൂചിപ്പിക്കുന്നത്, മറ്റനേകം മൃഗങ്ങളില്‍ കാണുന്ന വലിയൊരു ശതമാനം ജീനുകള്‍ മനുഷ്യശരീരത്തിലും കാണുന്നുവെന്നാണ്. ഉദാഹരണത്തിന്, ചിമ്പാന്‍സികളില്‍ 96ഉം പൂച്ചകളില്‍ 90ഉം എലികളില്‍ 85ഉം പട്ടികളില്‍ 84ഉം ശതമാനം ജീനുകള്‍ മനുഷ്യശരീരത്തിലുള്ളവയാണ്. മൃഗങ്ങളില്‍ മാത്രമല്ല,  പഴങ്ങളിലും ഇത്തരം ജീനുകളുണ്ട്. വാഴപ്പഴത്തില്‍ 60 ശതമാനം ജീനുകള്‍ മനുഷ്യശരീരത്തിലുള്ളവയാണ്. അങ്ങനെയാണെങ്കില്‍ ഈ ജീവികളും സസ്യങ്ങളും 'പുണ്യവാന്‍മാരാ'ണെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കുമോ?  ന്യൂനപക്ഷ വിഭാഗത്തെയും ദലിതരെയും ആക്രമണത്തില്‍നിന്ന് രക്ഷിക്കുമോയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. ഏറ്റവുമൊടുവില്‍ മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥികളാണ് മാട്ടിറച്ചി കഴിച്ചതിന് ആര്‍എസ്എസിന്റെ വിദ്യാര്‍ഥിവിഭാഗമായ എബിവിപിയുടെ മര്‍ദനത്തിനിരയായത്. പശുവിന്റെ പേരില്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തുന്ന ഭൂരിപക്ഷ-ഫാഷിസ്റ്റ് ഹിന്ദുത്വശക്തികള്‍ക്ക് ഇന്ത്യയുടെ സമകാല യാഥാര്‍ഥ്യവും അതിന്റെ ചരിത്രപശ്ചാത്തലവും അറിയില്ല എന്ന കാര്യം വ്യക്തമാണ്. അസത്യങ്ങളുടെയും വഞ്ചനകളുടെയും ഒരു ഗുരുകുലമോ സര്‍വകലാശാലയോ അന്വേഷിക്കുന്നവര്‍ക്ക് ആര്‍എസ്എസ് ആണ് ഏറ്റവും യോജിച്ച സ്ഥലമെന്ന് നിസ്സംശയം പറയാവുന്നതാണ്. ഈ മേഖലയില്‍ അവരുടെ വൈദഗ്ധ്യം അസാമാന്യമാണ്. ഇന്ത്യാചരിത്രത്തില്‍ ഹിന്ദുസമൂഹത്തിന്റെ മാട്ടിറച്ചി ഉപയോഗത്തെക്കുറിച്ചുള്ള സംവാദത്തില്‍ അവരുടെ കുറ്റകരമായ അവഗണന അത് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ഹിന്ദു സമൂഹത്തെയും അവരുടെ പുണ്യചിഹ്നങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുള്ള മുസ്‌ലിം-ക്രിസ്ത്യന്‍ ഭരണാധികാരികളുടെ ശ്രമഫലമായാണ് ഇന്ത്യയില്‍ മാട്ടിറച്ചി ഉപയോഗം ആരംഭിച്ചതെന്നാണ് അവര്‍ ആരോപിക്കുന്നത്. 1966ല്‍ ഗോള്‍വാള്‍ക്കറോട്, ഇന്ത്യയില്‍ പശുക്കളെ അറുക്കുന്നത് ആരംഭിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ''വിദേശികള്‍ ഇന്ത്യയില്‍ വന്നപ്പോള്‍ മുതലാണ് പശുവിനെ കശാപ്പു ചെയ്യാന്‍ തുടങ്ങിയത്. ഹിന്ദുക്കളെ അടിമകളാക്കാന്‍ അവരുടെ ആത്മാഭിമാനത്തിലുള്ള വേരറുക്കുകയാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് പശുക്കളെ കശാപ്പു ചെയ്യാന്‍ ആരംഭിച്ചത്.'' യാതൊരു ന്യായീകരണവുമില്ലാത്ത ഈ പ്രചാരണം മാട്ടിറച്ചി ഭക്ഷിക്കുകയും മാടുകച്ചവടം നടത്തുകയും ചെയ്യുന്ന ദലിതരെയും ന്യൂനപക്ഷ വിഭാഗത്തെയും ഭീകരന്മാരായി ചിത്രീകരിക്കാന്‍ ഹിന്ദുത്വ സംഘത്തെ സഹായിച്ചു. 20ാം നൂറ്റാണ്ടില്‍ ഇത് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രീയം ശക്തിയാര്‍ജിച്ചപ്പോള്‍ രാജ്യത്ത് മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരേ നടക്കുന്ന ഭൂരിഭാഗം അതിക്രമങ്ങള്‍ക്കും പിന്നില്‍ മാട്ടിറച്ചിയാണെന്ന അവസ്ഥ വന്നു. മുസ്‌ലിംകള്‍ വന്നതോടെയാണ് ഇന്ത്യയില്‍ മാട്ടിറച്ചി ഭക്ഷിക്കാന്‍ തുടങ്ങിയതെന്നും അതിനു വേദകാലവുമായി ബന്ധമില്ലെന്നുമുള്ള, നാത്‌സി പ്രചാരകന്‍ പോള്‍ ജോസഫ് ഗീബലിനെ പിന്താങ്ങുന്ന ഇന്ത്യയിലെ ഹിന്ദുത്വ ചരിത്രകാരന്മാരുടെ വാദം അപ്രസക്തമാണ്. താത്ത്വികാചാര്യനായി ആര്‍എസ്എസ് വിശേഷിപ്പിക്കുന്ന സ്വാമി വിവേകാനന്ദന്‍ 1900 ഫെബ്രുവരി രണ്ടിന് അമേരിക്കയിലെ കാലഫോര്‍ണിയ പസദേനയിലെ ഷേക്‌സ്പിയര്‍ ക്ലബ്ബില്‍ ഇന്ത്യയിലെ ബുദ്ധമതക്കാരെക്കുറിച്ച് നടത്തിയ പ്രഭാഷണത്തില്‍ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്: ''പണ്ടുകാലത്തെ ഉല്‍സവച്ചടങ്ങുകളില്‍ മാട്ടിറച്ചി ഭക്ഷിക്കാത്തവര്‍ നല്ല ഹിന്ദുക്കളായിരുന്നില്ല എന്നു ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ കാളകളെ കൊല്ലുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു.'' വിവേകാനന്ദന്‍ സ്ഥാപിച്ച രാമകൃഷ്ണ മിഷന്‍ സ്‌പോണ്‍സര്‍ ചെയ്ത മറ്റു ഗവേഷണങ്ങളും ഇതു സ്ഥിരീകരിക്കുന്നു. വേദകാലത്തെ ചരിത്ര-സംസ്‌കാര മേഖലകളില്‍ ആധികാരിക വക്താവായ സി കുഞ്ഞന്‍രാജ പറയുന്നത് ഇങ്ങനെയാണ്: ''ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള വേദകാല ആര്യന്മാര്‍ മല്‍സ്യവും മാട്ടിറച്ചി അടക്കമുള്ള മാംസവും ഭക്ഷിച്ചിരുന്നു. ബീഫ് വിളമ്പിയാണ് അക്കാലത്തു പ്രധാന അതിഥിയെ ബഹുമാനിച്ചിരുന്നത്. ആര്യന്‍മാര്‍ ബീഫ് ഭക്ഷിച്ചിരുന്നെങ്കിലും കറവപ്പശുക്കളെ കൊന്നിരുന്നില്ല. പശുവിനെ വിശേഷിപ്പിച്ചിരുന്ന ഒരു വാക്ക് 'അഖ്‌ന്യ' (കൊല്ലാന്‍ പാടില്ലാത്തത്) എന്നായിരുന്നു. എന്നാല്‍ അതിഥി ഗോഖ്‌നയാണ്. അതായത്, അതിഥിക്കു വേണ്ടി പശുവിനെ കൊല്ലാം എന്ന്. കാളകള്‍, മച്ചിപ്പശുക്കള്‍, പശുക്കുട്ടികള്‍ എന്നിവയെ മാത്രമായിരുന്നു കശാപ്പു ചെയ്തിരുന്നത്.''പ്രമുഖ ഗവേഷകരിലൊരാളും ഇന്ത്യന്‍ രാഷ്ട്രീയം, മതം, സംസ്‌കാരം എന്നിവയില്‍ ആധികാരികമായി സംസാരിക്കാന്‍ കഴിവുമുള്ള ഒരു ചിന്തകന്‍, 'ഹിന്ദുക്കള്‍ ഒരിക്കലും ബീഫ് ഭക്ഷിച്ചിട്ടില്ലേ' എന്ന പേരില്‍ ഒരു മഹത്തായ പ്രബന്ധം രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചു മനസ്സിലാക്കാനും ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനും പ്രാന്തവല്‍ക്കരിക്കാനുമുള്ള ആഡ്യത്വത്തിനെ വെല്ലുവിളിക്കാനും ആഗ്രഹിക്കുന്നവര്‍ ഡോ. അംബേദ്കറുടെ മഹത്തായ ഈ പ്രബന്ധം വായിക്കണം. നിരവധി വേദ-ഹൈന്ദവ ഗ്രന്ഥങ്ങള്‍ പഠിച്ചതിനുശേഷം അംബേദ്കര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ ഇങ്ങനെയാണ്: ''ഹിന്ദുക്കള്‍ ഒരിക്കലും ബീഫ് കഴിച്ചിട്ടില്ലെന്നും അവയെ എല്ലായ്‌പ്പോഴും പരിശുദ്ധമായി കരുതിയിരുന്നുവെന്നും അവര്‍ പശുഹത്യയെ എതിര്‍ത്തിരുന്നുവെന്നുമുള്ള ബ്രാഹ്മണ ബുദ്ധിജീവികളുടെ വാദം സ്വീകരിക്കാന്‍ സാധ്യമല്ല.'' പശു 'പുണ്യ'മൃഗം ആയതുകൊണ്ടാണ് അവയെ കശാപ്പു ചെയ്യുന്നതും ഭക്ഷിക്കുന്നതുമെന്നാണ് അംബേദ്കറുടെ രസകരമായ കണ്ടെത്തല്‍. അംബേദ്കര്‍ പറയുന്നത് ഇങ്ങനെയാണ്: ''വേദകാലത്ത് പശുക്കളെ പുണ്യജീവികളായി കരുതിയിരുന്നില്ല എന്നു പറയുന്നത് തെറ്റാണ്. പശു പരിശുദ്ധ മൃഗമായതുകൊണ്ടാണ് വജസനേയി സംഹിതയില്‍ പശു ഭക്ഷിക്കാനുള്ളതാണെന്ന് ആജ്ഞാപിക്കുന്നത് (മറാത്തി ഭാഷയിലുള്ള ധര്‍മശാസ്ത്രവിചാര്‍- പേജ് 180). ഋഗ്വേദകാലത്തെ ആര്യന്മാര്‍ വ്യാപകമായി പശുക്കളെ കൊല്ലുകയും പശുമാംസം ധാരാളമായി ഭക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് ഋഗ്വേദത്തില്‍ നിന്നു തന്നെ വ്യക്തമാണ്. ഋഗ്വേദത്തിലെ (ഃ.86:14) ശ്ലോകത്തില്‍ ഇന്ദ്രന്‍ പറയുന്നത്, അവര്‍ 15ഉം 20ഉം പശുക്കളെ പാചകം ചെയ്തിരുന്നുവെന്നാണ്.അഗ്നിദേവനു വേണ്ടി കുതിരകളെയും കാളകളെയും മച്ചിപ്പശുക്കളെയും ആണാടുകളെയും ബലി നല്‍കിയിരുന്നുവെന്നാണ് ഋഗ്വേദത്തിലെ ഃ.91.14 ശ്ലോകത്തിലുള്ളത്. ഒരുകാലത്ത് ബ്രാഹ്മണരും അല്ലാത്തവരുമായ ഹിന്ദുക്കള്‍ മറ്റു മാംസങ്ങളോടൊപ്പം മാട്ടിറച്ചിയും ഭക്ഷിച്ചിരുന്നുവെന്ന് ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംശയത്തിന് ഇടയില്ലാത്തവിധം വ്യക്തമാണെന്നു സൂചിപ്പിച്ചാണ് അംബേദ്കര്‍ തന്റെ പ്രബന്ധം ഉപസംഹരിക്കുന്നത്. ഇന്ത്യയുടെ ചില സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ഹിന്ദുത്വശക്തികള്‍ അഴിച്ചുവിടുന്ന അക്രമങ്ങള്‍ ആര്‍എസ്എസിന്റെ തനിസ്വഭാവമായ ഇരട്ടമുഖമാണ് കാണിക്കുന്നത്. ദ്വിമുഖ-ത്രിമുഖ പ്രസ്താവനയിലൂടെ അവര്‍ ആനന്ദം കണ്ടെത്തുകയാണ്. പ്രത്യക്ഷമായോ പരോക്ഷമായോ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തിന് കൂറ് പ്രഖ്യാപിച്ചുകൊണ്ട് പശുവിനെ കശാപ്പു ചെയ്യുന്നവരെ മാത്രമല്ല, അവയെ കടത്തിക്കൊണ്ടു പോവുന്ന പാവപ്പെട്ട ജനങ്ങളെയും അവര്‍ ആക്രമിച്ചു കൊല്ലുകയാണ്. ഗോവധം നിരോധിച്ചിട്ടില്ലാത്തതും മാട്ടിറച്ചി മുഖ്യ ആഹാരവുമായ ഗോവ, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ പോലുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും അക്രമങ്ങള്‍ നടന്നുവരുകയാണ്. വ്യക്തമായ ഈ കാപട്യം ആര്‍എസ്എസ് രാഷ്ട്രീയത്തിലെ ഇന്നത്തെ വൈരുധ്യമാണ് വെളിവാക്കുന്നത്. പശുക്കച്ചവടവും മാട്ടിറച്ചിയും നിരോധിച്ചത് നിലനില്‍പ്പിനായി പാടുപെടുന്ന ഇന്ത്യന്‍ കര്‍ഷകരെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുമെന്നാണ് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മോദി അധികാരമേറിയതിനുശേഷം കര്‍ഷകരുടെ ആത്മഹത്യാനിരക്കില്‍ 30 ശതമാനം വളര്‍ച്ചയാണുണ്ടായത്. കശാപ്പിന് കാലികളെ വില്‍ക്കുന്നത് നിരോധിച്ചപ്പോള്‍ അവരുടെ സാമ്പത്തികനില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. കര്‍ഷക നേതാവായ ശരത് പവാര്‍ ഈ വിഷയത്തില്‍ ആശ്ചര്യകരമായ ഒരു നിര്‍ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്. ആര്‍എസ്എസിന്റെ നിര്‍ദേശമനുസരിച്ച് പശുക്കച്ചവടവും ഗോവധവും നിരോധിച്ച മോദി സര്‍ക്കാര്‍, കര്‍ഷകരില്‍ നിന്ന് പ്രായമായ പശുക്കളെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ആര്‍എസ്എസിന് നിര്‍ദേശം നല്‍കണമെന്നാണ് ശരത് പവാര്‍ മുന്നോട്ടുവച്ച ആശയം. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈവശമുള്ള ആര്‍എസ്എസിന് ഇതൊരു പ്രശ്‌നമാവില്ല. നാഗ്പൂരിലെ രേഷംബാഗിലുള്ള ആര്‍എസ്എസിന്റെ ആസ്ഥാനം ഗോശാലയായി മാറ്റണമെന്നും പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയായാല്‍ കര്‍ഷകര്‍ക്ക് ഇത്തരം പശുക്കളെ തീറ്റിപ്പോറ്റേണ്ടിവരില്ല. ഗോമാതാക്കളെ സംരക്ഷിക്കുന്നതിനാല്‍ ആര്‍എസ്എസിന് ദൈവത്തില്‍ നിന്നു പുണ്യം ലഭിക്കുകയും ചെയ്യും. മാംസവ്യാപാരം നടത്തുന്ന മുസ്‌ലിംകളെയും തുകല്‍ വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന ദലിതരെയും സാമ്പത്തികമായി തകര്‍ക്കാനുള്ള അജണ്ടയും ഈ പുണ്യയുദ്ധത്തിനു പിന്നിലുണ്ടെന്നത് വ്യക്തമാണ്. അസംഘടിതമായ ചില്ലറ കാലിക്കച്ചവടം ഇതോടെ തകര്‍ന്നുപോവും. അതോടെ ഇന്ത്യയിലെ മാംസവ്യാപാരം ലോക മാംസസംസ്‌കരണ മേഖലയിലെത്തുകയും ചെയ്യും. ഫാഷിസ്റ്റ് സംസ്‌കാരത്തിന്റെ ബഹുമുഖ അജണ്ടകള്‍ക്കാണ് ആര്‍എസ്എസ് പരിശീലനം നല്‍കുന്നത്. ജനങ്ങളെ ധ്രുവീകരിക്കാനുള്ള ഒരു അജണ്ട വേണ്ടത്ര ഏശാതിരിക്കുകയോ അത് വിവാദമാവുകയോ ചെയ്യുമ്പോള്‍ അത് ഉപേക്ഷിക്കുകയും പുതിയ അജണ്ടയുമായി രംഗത്തുവരുകയും ചെയ്യും. ശ്രീരാമക്ഷേത്രം, ഘര്‍വാപസി, ലൗ ജിഹാദ് എന്നിവയ്ക്കു പിന്നാലെയാണിപ്പോള്‍ ഇന്ത്യന്‍ ജനതയെ വിഭജിക്കാന്‍ 'പശു'വുമായി രംഗത്തെത്തിയത്. പശുവെന്ന ഒരൊറ്റ വിഷയത്തില്‍ രാജ്യത്തിന്റെ മൊത്തം ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ വിജയിച്ചതോടെ ദാരിദ്ര്യം, തൊഴിലില്ലായ്മ, ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേയുള്ള കലാപങ്ങള്‍ എന്നിവയില്‍നിന്നെല്ലാം സമര്‍ഥമായി ശ്രദ്ധതിരിക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. ജനങ്ങളെ എല്ലാകാലത്തും വിഡ്ഢികളാക്കാമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. കാലക്രമത്തില്‍ അതു മിഥ്യയാണെന്ന് വ്യക്തമാവും. പ്രതിരോധം ഉയര്‍ന്നുവരുക തന്നെ ചെയ്യും. അതിനവര്‍ വന്‍ വില നല്‍കേണ്ടതായും വരും.                          (പരിഭാഷ: കോയ കുന്ദമംഗലം)
Next Story

RELATED STORIES

Share it