Flash News

പശുക്കള്‍ക്ക് രക്തബാങ്ക് വരുന്നു

പശുക്കള്‍ക്ക് രക്തബാങ്ക് വരുന്നു
X


ഭുവനേശ്വര്‍: പശുക്കള്‍ക്കായി രക്തബാങ്ക് വരുന്നു. ഒഡീഷയാണ് പശുക്കള്‍ക്കായി രക്തബാങ്ക് എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. പശുക്കള്‍ രക്തം വാര്‍ന്ന് ചത്തുപോകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഒഡീഷ കാര്‍ഷിക സര്‍വകലാശാല കന്നുകാലികള്‍ക്കായി രക്തബാങ്ക് ആരംഭിക്കുന്നത്. മൂന്നേകാല്‍ കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത്.പദ്ധതി തുകയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. ശേഷിക്കുന്ന തുകയാവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുക. പദ്ധതിക്കായി നാഷണല്‍ അഗ്രികള്‍ച്ചര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം(എന്‍ഡിപി)ന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കൂടെ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതി നിലവില്‍വരുമെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതി നിലവില്‍ വരുന്നതോടുകൂടി രാജ്യത്ത് പശുക്കള്‍ക്കായി രക്തബാങ്ക് തുടങ്ങുന്ന ആദ്യ സംസ്ഥാനമായി ഒഡീഷ മാറും.
രക്തബാങ്കില്‍ കര്‍ഷകര്‍ സൗജന്യമായി രക്തം നല്‍കണമെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ, സംസ്ഥാനത്തെ വിവിധ കന്നുകാലി കേന്ദ്രങ്ങളിലെത്തി അധികൃതര്‍ രക്തം സ്വീകരിക്കുകയും ചെയ്യും. പ്രസവ സമയത്തും മറ്റ് അസുഖങ്ങള്‍ പിടിപെടുമ്പോഴും പശുക്കള്‍ക്ക് ധാരാളം രക്തം നഷ്ടമാവാറുണ്ട്. ഇത്തരത്തില്‍ രക്തം വാര്‍ന്ന് കന്നുകാലികള്‍ ചാകുന്നത് തടയാനാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it