thrissur local

പശുക്കള്‍ക്ക് ചികില്‍സ നല്‍കിയില്ല; പരിശോധക സംഘം മടങ്ങി

പുതുക്കാട്: പാലപ്പിള്ളിയില്‍ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ പശുക്കളെ കണ്ടെത്താനാവാതെ പരിശോധക സംഘം മടങ്ങി. കഴിഞ്ഞ ദിവസം പരിശോധനയ്‌ക്കെത്തിയ എസ്പിസിഎ, മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്ക് പൊള്ളലേറ്റ പശുക്കളില്‍ രണ്ടെണ്ണത്തിന് മാത്രമേ പ്രഥമ ശുശ്രൂഷ നല്‍കാനായുള്ളൂ.
കഴുത്തില്‍ കയറില്ലാത്തതു മൂലം ഭുരിഭാഗം മാടുകള്‍ക്കും ചികില്‍സ നല്‍കാന്‍ സാധിച്ചിട്ടില്ല. പാലപ്പിള്ളി തോട്ടം പാഡികളില്‍ താമസിക്കുന്ന അസ്‌കര്‍, മുഹമ്മദാലി എന്നിവരുടെ പശുക്കള്‍ക്കാണ് മരുന്നു വെച്ചത്. ഇവരുടെ 12 പശുക്കളില്‍ ആറെണ്ണത്തിന് പൊള്ളലേറ്റിട്ടുണ്ടെന്ന് ഉടമകള്‍ പറഞ്ഞു. പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി എഗയ്ന്‍സ്റ്റ് അനിമല്‍സ് സൊസൈറ്റി ജില്ലാ ഇന്‍സ്‌പെക്ടര്‍ അനില്‍, മൃഗസംരക്ഷണ വകുപ്പ് ഫീല്‍ഡ് ഓഫിസര്‍ പ്രദീപ്കുമാര്‍ എന്നിവരാണ് പരിശോധനയ്‌ക്കെത്തിയത്.
പത്രവാര്‍ത്തയില്‍ നിന്ന് വിവരമറിഞ്ഞാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ആവശ്യമായ മരുന്നുകള്‍ ഉടമകളെ ഏല്‍പ്പിക്കുകയും അവ പ്രയോഗിക്കുന്നതിന് പരിശീലനം നല്‍കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊള്ളിയടര്‍ന്ന പശുക്കളുടെ ദേഹത്തെ തൊലി മുറിച്ചു മാറ്റി മരുന്നുവെച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ആന്റിബയോട്ടിക് ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ 28നാണ് പാലപ്പിള്ളി തോട്ടം മേഖലയില്‍ അഴിച്ചുവിട്ടു വളര്‍ത്തുന്ന പശുക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കൂട്ടംകൂടി നടക്കുന്ന മാടുകള്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്തിയത്. തോട്ടങ്ങള്‍ക്ക് സമീപത്തുള്ള സ്ഥലങ്ങളിലേക്ക് തീറ്റതേടി ഇറങ്ങിയ പശുക്കളാണ് പൊള്ളലേറ്റവയില്‍ ഏറേയും. പാഡികളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളാണ് പശുക്കളെ വളര്‍ത്തുന്നത്.
സ്ഥലപരിമിതി മൂലം റബ്ബര്‍ തോട്ടങ്ങളില്‍ അഴിച്ചുവിട്ടാണ് ഇവയെ വളര്‍ത്തുന്നത്. രാവിലെ മേയാന്‍ പോയ പശുക്കള്‍ വൈകിട്ടോടെയാണ് തിരിച്ചെത്താറുള്ളത്. എന്നാല്‍ അന്ന് ഉച്ചതിരിഞ്ഞ് പശുക്കളുടെ കൂട്ടക്കരച്ചില്‍കേട്ട തൊഴിലാളികളാണ് പൊള്ളലേറ്റ നിലയില്‍ പശുക്കളെ കണ്ടത്. ചെനയുള്ള പശുക്കള്‍ക്കും പൊള്ളലേറ്റിരുന്നു.
Next Story

RELATED STORIES

Share it