പശുക്കടത്ത്: യുവാവിനെ പോലിസ് വെടിവച്ചുകൊന്നു

ചണ്ഡീഗഡ്: പശുക്കളെ കടത്തിയെന്നാരോപിച്ച് യുവാവിനെ ഹരിയാന പോലിസ് വെടിവച്ചുകൊന്നു. കുരുക്ഷേത്ര ജില്ലയിലെ താനീസറിനടുത്ത് ഇന്നലെ പുലര്‍ച്ചെയാണു സംഭവം. യമുന നഗര്‍ സ്വദേശിയായ ആബിദ്(27) ആണു കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് അശ്‌റഫി(28)നു സാരമായി പരിക്കേറ്റു.
പിക്കപ്പ് ജീപ്പില്‍ പശുക്കളെ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ച പോലിസ്, സംഘപരിവാര പ്രവര്‍ത്തകര്‍ക്കൊപ്പം അനാജ്മണ്ഡിയില്‍ വച്ചാണ് വാഹനം തടഞ്ഞത്. പോലിസിനു നേര്‍ക്ക് വെടിവയ്പുണ്ടായപ്പോള്‍ തിരിച്ചു വെടിവച്ചപ്പോഴാണ് ആബിദ് കൊല്ലപ്പെട്ടതെന്ന് കുരുക്ഷേത്ര എസ്പി സിമര്‍ദീപ് സിങ് പറഞ്ഞു. വെടിവയ്പില്‍ പോലിസുകാര്‍ക്കു പരിക്കേറ്റിട്ടില്ല. ആബിദിനൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടെന്ന് റിപോര്‍ട്ടുകളുണ്ട്. വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. പശുക്കളെ കടത്തിയതുമായി ബന്ധപ്പെട്ട് ആബിദിനും അശ്‌റഫിനുമെതിരേ നേരത്തേ എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെന്ന് എസ്പി പറഞ്ഞു. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന ഗോവന്‍ശ് സംരക്ഷണ്‍ ആന്റ് ഗോ സംവര്‍ധന്‍ നിയമപ്രകാരം പശുവിനെ അറുക്കുന്നതും വില്‍പ്പനാവശ്യാര്‍ഥം മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോവുന്നതും ശിക്ഷാര്‍ഹമാണ്.
Next Story

RELATED STORIES

Share it