Editorial

പശുക്കച്ചവടത്തില്‍നിന്ന് കുതിരക്കച്ചവടത്തിലേക്ക്

ഗോമാതാ എന്ന പേരില്‍ അറിയപ്പെടുന്ന പാവം പശുവായിരുന്നു ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രധാന കറവപ്പശു. ഹിന്ദുവികാരം കുത്തിയിളക്കി വോട്ടുകള്‍ നേടിയെടുക്കാന്‍ ഈ തന്ത്രം കുറച്ചൊന്നുമല്ല ആ പാര്‍ട്ടി ഉപയോഗിച്ചിട്ടുള്ളത്. പക്ഷേ, അത് പലപ്പോഴും അതിരുകടന്നുപോവുകയും പശുഭക്തര്‍ വഴിയെ പോവുന്ന പാവപ്പെട്ട മനുഷ്യരെ ആക്രമിച്ചു കൊല്ലുകയും പരസ്യമായി ആളുകളെ തൂക്കിലേറ്റുകപോലും ചെയ്യുന്ന പ്രവണത രാജ്യത്ത് വലിയ ഞെട്ടലും പ്രതിഷേധവും ഉണ്ടാക്കിയിരിക്കുന്നു. ഈ അമിത ഭക്തിപ്രകടനവും പരമതവിരോധവും രാഷ്ട്രീയമായി തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ബിഹാറിലെ തിരഞ്ഞെടുപ്പു പരാജയം. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും ബിജെപിക്ക് കാര്യമായ പ്രതീക്ഷ നല്‍കുന്ന ഒന്നുമില്ല.
അതിനാല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം പശുവിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കച്ചവടത്തിനു പകരം പരമ്പരാഗതമായ രാഷ്ട്രീയ കുതിരക്കച്ചവടത്തിലേക്കു തിരിഞ്ഞിരിക്കുകയാണ്. അരുണാചല്‍പ്രദേശില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിലെ അസംതൃപ്തരെ കുത്തിയിളക്കി തങ്ങളുടെ പാര്‍ശ്വവര്‍ത്തിയായ ഗവര്‍ണറെ ഉപയോഗിച്ച് ഭരണകൂടത്തെ ഈയിടെയാണ് ബിജെപി നേതൃത്വം അട്ടിമറിച്ചത്. തിരഞ്ഞെടുപ്പുകളിലെ ജനവിധിയെ അട്ടിമറിച്ച് രാഷ്ട്രീയ ഭിക്ഷാംദേഹികളെ വച്ച് സംസ്ഥാന ഭരണകൂടങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെടുക്കുന്ന പ്രക്രിയ ഇപ്പോള്‍ ഉത്തരാഖണ്ഡിലും അരങ്ങേറുകയാണ്. അരുണാചലില്‍ പ്രയോഗിച്ച അതേ ഹീനതന്ത്രങ്ങള്‍ തന്നെയാണ് ഉത്തരാഖണ്ഡിലും ബിജെപി കേന്ദ്രനേതൃത്വം പയറ്റുന്നത്.
സംസ്ഥാനത്തെ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വാധീനിച്ച് തങ്ങളുടെ കൂടെ നിര്‍ത്തി നിലവിലുള്ള ഹരീഷ് റാവത്ത് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഈ ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങളും 27 ബിജെപി അംഗങ്ങളും ഒന്നിച്ചുനിന്നാല്‍ മാര്‍ച്ച് 28നു നടക്കുന്ന നിയമസഭയിലെ വിശ്വാസവോട്ടില്‍ സര്‍ക്കാരിനെ മലര്‍ത്തിയടിക്കാം എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
ഇത് അങ്ങേയറ്റം ഗര്‍ഹണീയമായ രാഷ്ട്രീയ കുതിരക്കച്ചവടമാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ തങ്ങളുടെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും ബിജെപി പ്രയോഗിച്ചിട്ടുണ്ട് എന്നു തീര്‍ച്ചയാണ്. കാരണം, കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണ് ബന്ധപ്പെട്ട എംഎല്‍എമാര്‍ ചെയ്തിരിക്കുന്നത്. സീറ്റ് പോവുന്ന സാഹചര്യം വന്നാലും ഭാവിയില്‍ നേട്ടമുണ്ടാക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലായിരിക്കണം വിമത എംഎല്‍എമാര്‍ ഇത്തരമൊരു നീക്കത്തിന് തയ്യാറായത്.
കോണ്‍ഗ്രസ്സിന്റെ ശാപവും ഇത്തരം എംഎല്‍എമാരും പാര്‍ട്ടി അനുയായികളുമാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ക്കപ്പുറം മറ്റൊരു നിലപാടുമില്ലാത്ത കങ്കാണിവര്‍ഗമായി കോണ്‍ഗ്രസ് നേതൃത്വം അധപ്പതിച്ചിരിക്കുന്നു. പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യം തരിമ്പും ഇല്ല എന്നതാണ് ധാര്‍മികമായ ച്യുതിയുടെ പ്രധാന കാരണമാവുന്നതെന്നു കോണ്‍ഗ്രസ് തിരിച്ചറിയേണ്ടിയിരിക്കുന്നു. കുടുംബാധിപത്യം കോണ്‍ഗ്രസ്സിനെ എത്രമേല്‍ നശിപ്പിച്ചിരിക്കുന്നു എന്നതിന് ഇതിനപ്പുറം വേറെ തെളിവു വേണ്ട. സ്വാഭാവികമായും ഇത്തരം കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ബിജെപി ഉല്‍സാഹിക്കുന്നത്. ജനാധിപത്യത്തോടോ രാഷ്ട്രീയ ധാര്‍മികതയോടോ തങ്ങള്‍ക്ക് യാതൊരു കടപ്പാടുമില്ല എന്ന് അവര്‍ ഇതിലൂടെ വിളിച്ചുപറയുകയാണ്.
Next Story

RELATED STORIES

Share it