Second edit

പവിഴപ്പുറ്റ്

ആസ്‌ത്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്താണ് ഗ്രേറ്റ് ബാരിയര്‍ റീഫ് എന്നറിയപ്പെടുന്ന വിശാലമായ പവിഴപ്പുറ്റുകള്‍. കടലിനടിയിലെ ദീപാലങ്കാരം എന്നാണ് ഈ പവിഴപ്പുറ്റുകള്‍ അറിയപ്പെടുന്നത്. കണ്ണഞ്ചിക്കുന്ന വര്‍ണവിസ്മയമാണ് ജലത്തിനടിയില്‍ വിരിഞ്ഞുനില്‍ക്കുന്നത്. പക്ഷേ, സമീപകാലത്ത് ഈ ലോകാദ്ഭുതം വലിയ പ്രതിസന്ധി നേരിടുകയാണ്. ആഗോളതാപനം പവിഴപ്പുറ്റുകളുടെ തകര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നു. പുറ്റുകള്‍ ചാരനിറമാര്‍ന്നു മരണമടയുന്ന കാഴ്ച വേദനാജനകമാണ്. കഴിഞ്ഞ വര്‍ഷം 30 ശതമാനത്തോളം പവിഴപ്പുറ്റുകള്‍ ഇങ്ങനെ നശിച്ചുപോയതായാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, താപനം മാത്രമല്ല പുറ്റുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. കൊടുങ്കാറ്റ് പോലുള്ള പ്രതിഭാസങ്ങളും അവയെ വന്‍തോതില്‍ നശിപ്പിക്കുന്നുണ്ട്. അതിനു പുറമേയാണ് പുറ്റുകള്‍ തിന്നു ജീവിക്കുന്ന സ്റ്റാര്‍ ഫിഷ് ഇനത്തില്‍പ്പെട്ട ഒരു ജീവിയുടെ ഉപദ്രവം. അവ വെട്ടുകിളികള്‍ പോലെയാണ് പവിഴപ്പുറ്റുകളെ ആക്രമിക്കുക. ഒരൊറ്റ ജീവി മാത്രം പ്രതിവര്‍ഷം പത്തു ചതുരശ്ര മീറ്റര്‍ പവിഴപ്പുറ്റ് അകത്താക്കും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അവറ്റയെ നേരിടാന്‍ പ്രകൃതി തന്നെ ഒരു സംവിധാനം ഒരുക്കിയിരുന്നു. ഒരിനം കടല്‍ ഒച്ച്. പക്ഷേ, ഒച്ചിനെ ജനം വേട്ടയാടി അവയുടെ വംശം കുറ്റിയറ്റ മട്ടിലാണ്. ഇപ്പോള്‍ ഒച്ചിനെ കൃത്രിമ മാര്‍ഗങ്ങളിലൂടെ പ്രജനനം നടത്തി കടലില്‍ ഇറക്കാനാണ് പരിപാടി. അവയുടെ മണമടിച്ചാല്‍ മതി, പുറ്റുതീനികളായ ജീവികള്‍ സ്ഥലം വിടും. എന്നാല്‍, കൃത്രിമ പ്രജനനം വഴി ഒച്ചിന്റെ വംശവര്‍ധന നടത്താനുള്ള പരിപാടി വിജയിക്കാന്‍ എത്ര കാലം എടുക്കുമെന്ന് ഗവേഷകര്‍ക്കു തന്നെ പിടിയില്ല.
Next Story

RELATED STORIES

Share it