പവര്‍ ഇന്‍ഫ്രാടെക് ബ്രൂവറി അനുവദിച്ചത് ഇല്ലാത്ത ഭൂമിയില്‍; സര്‍ക്കാരിനെ വിടാതെ പിന്തുടര്‍ന്ന് ബ്രൂവറി വിവാദം

എന്‍ എ ശിഹാബ്

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിക്കാതെ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദം സര്‍ക്കാരിനെ വിടാതെ പിന്തുടരുന്നു. എറണാകുളത്തു പവര്‍ ഇന്‍ഫ്രാടെക്കിന് ബ്രൂവറി സ്ഥാപിക്കാന്‍ കിന്‍ഫ്ര പാര്‍ക്കില്‍ പത്തേക്കര്‍ ഭൂമി കൈമാറിയിട്ടില്ലെന്നു വ്യവസായ മന്ത്രി തന്നെ വ്യക്തമാക്കിയതോടെ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ചോദ്യചിഹ്നമായി. ഇല്ലാത്ത ഭൂമിയില്‍ ബ്രൂവറി സ്ഥാപിക്കാന്‍ എങ്ങനെ അനുവാദം നല്‍കിയെന്ന ചോദ്യമാണ് ഉയരുന്നത്.
കഴിഞ്ഞ അഞ്ചിനാണ് എറണാകുളം കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ബ്രൂവറി സ്ഥാപിക്കുന്നതിന് ലൈസന്‍സ് അനുവദിച്ച് ഓഡിറ്റ് വകുപ്പ് ഉത്തരവിറക്കിയത്. ഇതിനായി കിന്‍ഫ്രയുടെ 10 ഏക്കര്‍ സ്ഥലവും സ്വകാര്യ കമ്പനിക്ക് കൈമാറിയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ ഭൂമിയുടെ അടിസ്ഥാനത്തിലാണു ബ്രൂവറിക്ക് അനുമതി നല്‍കിയതെന്ന എക്‌സൈസ് വകുപ്പിന്റെ വാദവും ഇതോടെ പൊളിയുകയാണ്. ബ്രൂവറിയുടെ ഉല്‍പാദന പരിധി എത്രയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കാത്തതും ദുരൂഹത ഉയര്‍ത്തിയിരുന്നു. ബ്രൂവറി റൂള്‍സ് 1967ലെ ചട്ടങ്ങള്‍ അനുസരിച്ചാണ് അനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ പറയുന്നു.
തൃശൂര്‍ ജില്ലയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം നിര്‍മിക്കുന്നതിനും കോമ്പൗണ്ടിങ്, ബെന്റിങ്, ബോട്ടിലിങ് യൂനിറ്റ് സ്ഥാപിക്കുന്നതിന് ശ്രീചക്രാ ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന പെരുമ്പാവൂരിലെ കമ്പനിക്കും അനുമതി നല്‍കിയ ഉത്തരവിലും എവിടെയാണ് ഇതു സ്ഥാപിക്കുന്നതെന്നു പറയുന്നില്ല. മദ്യഉല്‍പാദന കേന്ദ്രത്തിന് അനുമതി നല്‍കുമ്പോള്‍ സ്ഥലം കൃത്യമായി നിര്‍ണയക്കേണ്ടതുണ്ട്. ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടാന്‍ ഇത് കാരണമാവും. കഴിഞ്ഞ ജൂലൈ 12നാണ് ഡിസ്റ്റിലറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
അതേസമയം, സംസ്ഥാനത്തു പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചത് വി എസ് സര്‍ക്കാരിന്റെ കാലത്തെ കീഴ്‌വഴക്കം മറികടന്നെന്നു തെളിയിക്കുന്ന രേഖകളും പുറത്തുവന്നു. പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ സണ്‍കെമിക്കല്‍ ഇന്‍ഡസ്ട്രിയല്‍ ആല്‍ക്കഹോള്‍ യൂനിറ്റ് പുതുശ്ശേരിയിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള അപേക്ഷ വി എസ് സര്‍ക്കാര്‍ നിരസിച്ചിരുന്നു. 2008 ഏപ്രില്‍ 15ന് ഇറങ്ങിയ ഉത്തരവിലൂടെയാണ് മദ്യ ഉല്‍പാദന കേന്ദ്രം മാറ്റാനുള്ള നീക്കം സര്‍ക്കാര്‍ തടഞ്ഞത്. 1999 സപ്തംബര്‍ 29ന് നികുതി സെക്രട്ടറി വിനോദ് റായിയുടെ ഉത്തരവ് മുന്‍നിര്‍ത്തിയായിരുന്നു നടപടി.
പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും ആരംഭിക്കേണ്ടതില്ല എന്നാണ് വിനോദ്‌റായിയുടെ ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവ് മുന്‍ നിര്‍ത്തി 1999ന് ശേഷം വന്ന സര്‍ക്കാരുകളൊന്നും പുതിയ ബ്രൂവറികളോ, ഡിസ്റ്റലറികളോ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതിനു ആധാരമായി പറയുന്നതും ഈ ഉത്തരവാണെന്നതാണ് കൗതുകകരം.

Next Story

RELATED STORIES

Share it