പവനായിയെന്ന ചിരിപ്പിക്കുന്ന വില്ലന്‍

എച്ച് സുധീര്‍

പത്തനംതിട്ട: ആകാരസൗഷ്ഠവവും അഭിനയവുംകൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നടനായിരുന്നു ക്യാപ്റ്റന്‍ രാജു. അദ്ദേഹം സിനിമയില്‍ നിറഞ്ഞുനിന്ന കാലത്ത് ഇത്രയേറെ സൗന്ദര്യവും പൊക്കവുമുള്ള നടന്‍മാര്‍ ഉണ്ടായിട്ടില്ല. പ്രേക്ഷകരെ വിറപ്പിച്ച വില്ലനായിരുന്നു ക്യാപ്റ്റന്‍ രാജു. എന്നാല്‍, നാടോടിക്കാറ്റിലെ പവനായിയുടെ വരവോടെ അദ്ദേഹം ഇന്നോളം കാണാത്ത ചിരിപ്പിക്കുന്ന വില്ലനായി. പിന്നിടങ്ങോട്ട് തനിക്ക് ഹാസ്യവും വഴങ്ങുമെന്ന് അഭിനയത്തിലൂടെ കാണിച്ചുതരുകയായിരുന്നു ക്യാപ്റ്റന്‍.
നാടോടിക്കാറ്റിനു ശേഷം ഒരുപാട് നല്ല കഥാപാത്രങ്ങള്‍ അദ്ദേത്തെ തേടിയെത്തി. തുടര്‍ന്നങ്ങോട്ട് അദ്ദേഹം നെഗറ്റീവ് വേഷങ്ങളും ഒഴിവാക്കി. അക്കാര്യം പിന്നീട് അദ്ദേഹം വ്യക്തമാക്കി: ''എന്റെ അമ്മയ്ക്ക് ഞാന്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു. അമ്മയുടെ മരണശേഷം ഞാന്‍ വില്ലനായിട്ടില്ല. ഞാന്‍ ഒരിക്കലും ഇനി നെഗറ്റീവ് റോള്‍ ചെയ്യില്ല. അതിന് ഒരുകാരണം പറയാം. ഞാനൊക്കെ ബാലേട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഒരു നടനുണ്ടായിരുന്നു- ബാലന്‍ കെ നായര്‍. സിനിമയില്‍ അദ്ദേഹം എന്നും ക്രൂരനായ വില്ലനായിരുന്നു. ജീവിതത്തില്‍ വളരെ നല്ല മനുഷ്യനും. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കറിയാം ബാലേട്ടന്‍ ആരായിരുന്നെന്ന്. ബാലേട്ടന്‍ മരിച്ചപ്പോള്‍ കേരളത്തിലെ ഒരു വിദ്യാസമ്പന്നയായ സ്ത്രീ പറഞ്ഞു, അയാള്‍ക്ക് അതിലും കൂടുതല്‍ വരണം. അത്രമാത്രം ക്രൂരതയല്ലേ ചെയ്തതെന്ന്. സിനിമകള്‍ മാത്രം കണ്ടാണ് ബാലേട്ടനെ അവര്‍ വിലയിരുത്തിയത്. ബാലന്‍ കെ നായര്‍, കെ പി ഉമ്മര്‍ തുടങ്ങിയവരെപ്പോലുള്ള നല്ല വ്യക്തികളെ ഇനി നമുക്കു കിട്ടില്ല. അവരൊക്കെ നല്ല നടന്‍മാരും നല്ല മനുഷ്യരുമായിരുന്നു. രണ്ടുപേരും സിനിമ ഭരിച്ച വില്ലന്മാര്‍. ഇതൊക്കെയാണ് നെഗറ്റീവ് കഥാപാത്രങ്ങളില്‍ നിന്നു മാറിനില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.''
വില്ലന്റെ കുപ്പായം അഴിച്ചുവച്ച് തമാശക്കാരനും സ്വഭാവനടനും സംവിധായകനുമെല്ലാമായ ക്യാപ്റ്റന്‍ രാജു മറ്റു ഭാഷകളിലും മികവാര്‍ന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചു. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും അദ്ദേഹം അഭിനയിച്ചു. ഇത്രയധികം ഭാഷകളില്‍ അഭിനയിച്ച മറ്റൊരു നടന്‍ മലയാളത്തില്‍ ഇല്ലെന്നുതന്നെ പറയാം. ജന്മനാടായ പത്തനംതിട്ടയിലെ ഓമല്ലൂരില്‍ എത്തിയാല്‍ അദ്ദേഹം നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട രാജുച്ചായനാണ്. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ശേഷവും അദ്ദേഹം നാട്ടിലുള്ള വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചു. രോഗങ്ങളുടെ പിടിയിലായപ്പോഴും എല്ലാവരോടും നിറഞ്ഞ പുഞ്ചിരിയോടെ കുശലാന്വേഷണം നടത്തുന്ന പതിവ് അദ്ദേഹം ഒഴിവാക്കിയില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഷൂട്ടിങ് ലോക്കേഷനിലേക്കു പോവുമ്പോള്‍ കുതിരാനില്‍ വച്ച് താഴ്ചയിലേക്കു കാര്‍ മറിഞ്ഞ് മണിക്കൂറുകളോളം ചോരയൊലിച്ച് മരണം മുന്നില്‍ക്കണ്ട ക്യാപ്റ്റന്‍ രാജുവിനെ പട്രോളിങിനെത്തിയ പോലിസുകാരാണ് രക്ഷപ്പെടുത്തിയത്. ആരോഗ്യം വീണ്ടെടുത്തശേഷം തന്നെ രക്ഷിച്ച ഒല്ലൂരിലെ പോലിസുകാരെ കണ്ട് നന്ദിപറയാന്‍ കേക്കുമായി അദ്ദേഹം എത്തിയത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന പച്ചയായ മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് സിനിമാലോകം ഒന്നടങ്കം പറയുന്നത് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമാണ്.
21ാം വയസ്സില്‍ ആര്‍മിയില്‍ ജോലിയില്‍ പ്രവേശിച്ചതോടെ ക്യാപ്റ്റനായി മാറി. സൈനിക ജോലിയോട് വിടപറഞ്ഞ ശേഷം മുംബൈയില്‍ ഗ്ലൂക്കോസ് ആന്റ് സ്റ്റാര്‍ച്ച് കമ്പനിയില്‍ മാര്‍ക്കറ്റിങ് ചീഫായി ജോലിനോക്കുന്നതിനിടയിലാണ് അമച്വര്‍ നാടകങ്ങളിലൂടെ അഭിനയരംഗത്തേക്കു കടക്കുന്നത്.
അതിരാത്രം, ആഗസ്ത് ഒന്ന്, ആവനാഴി, നാടോടിക്കാറ്റ്, കാബൂളിവാല, ഒരു വടക്കന്‍ വീരഗാഥ, സിഐഡി മൂസ, മുംബൈ പോലിസ്, തച്ചിലേടത്ത് ചുണ്ടന്‍, പഴശ്ശിരാജ, ഉദയപുരം സുല്‍ത്താന്‍, അദൈ്വതം, പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്നിവയാണ് ക്യാപ്റ്റന്‍ രാജുവിന്റെ ശ്രദ്ധേയചിത്രങ്ങള്‍. 1997ല്‍ ഇതാ ഒരു സ്‌നേഹഗാഥ, 2012ല്‍ മിസ്റ്റര്‍ പവനായി എന്നീ ചിത്രങ്ങ ള്‍ സംവിധാനം ചെയ്തു. നിരവധി സീരിയലുകളിലും അഭിനയിച്ചു.

Next Story

RELATED STORIES

Share it