kannur local

പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതി: പാറ നീക്കംചെയ്യല്‍ പുരോഗമിക്കുന്നു

മട്ടന്നൂര്‍: പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിക്കായി കുറ്റന്‍പാറ നീക്കം ചെയ്യല്‍ പുരോഗമിക്കുന്നു. പഴശ്ശി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കാതെയാണ് പാറ നീക്കം ചെയ്യുന്നത്. ഇതിനു വേണ്ടി കെഎസ്ഇബി ബംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോക്ക് മെക്കാനിസത്തിന്റെ സഹായം തേടിയിരുന്നു. അണക്കെട്ടിനോട് ചേര്‍ന്ന ഭാഗത്ത് ഭൂപ്രതലത്തില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറയും നിര്‍മാണ മേഖലയില്‍ പരന്നുകിടക്കുന്ന പാറയുമാണ് നീക്കുന്നത്.
46.000 എം ക്യൂബ് പാറയാണ് നീക്കേണ്ടത്. പാറ തുരക്കല്‍ യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത ശേഷം പ്രത്യേക സ്‌ഫോടക വസ്തു ഉപയോഗിച്ച് വലിയ ശബ്ദവും ഭൂമിക്ക് വലിയ ആഘാതം ഉണ്ടാക്കാതെയുമാണ് പൊട്ടിച്ചെടുക്കുന്നത്. ഇതിനായി കെഎസ്ഇബി 25 ലക്ഷം കണ്‍സര്‍ട്ടിങ് ഫീസായി മുന്‍കൂറായി കമ്പനിക്ക് അടച്ചിട്ടുണ്ട്. ഇതിനുപുറമെ പദ്ധതിക്കു വേണ്ട പല നിര്‍മാണ പ്രവര്‍ത്തനവും നടന്നുവരുന്നുണ്ട്.
പഴശ്ശി പദ്ധതിയില്‍നിന്നു കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലം കഴിച്ചു ബാക്കിവരുന്ന ജലം ഉപയോഗിച്ച് 7.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 79.85 കോടി ചെലവിലാണ് നിര്‍മാണം. പഴശ്ശി പദ്ധതിയുടെ കൈവശമുള്ള 3.5 ഹെക്ടര്‍ സ്ഥലം ഉപയോഗിച്ചാണ് വൈദ്യുതി പദ്ധതി പ്രാവര്‍ത്തികമാക്കുക. പദ്ധതിയില്‍ 19.50 മീറ്റര്‍ ജലവിതാനം ഉണ്ടെങ്കില്‍ കൂടി വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും.
സംഭരണിയില്‍ നിന്നു 80 മീറ്റര്‍ നീളത്തില്‍ വലിയ തുരങ്കം നിര്‍മിച്ച് അവിടെനിന്നു മൂന്നു ചെറിയ തുരങ്കം വഴി പവര്‍ ഹൗസിലേക്കു വെള്ളം എത്തിച്ചാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുക. പഴശ്ശി സാഗര്‍ ജല വൈദ്യുതി പദ്ധതികൂടി പ്രാവര്‍ത്തികമാവുന്നതോടെ വടക്കേ മലബാറിന്റെ വൈദ്യുതി ക്ഷാമത്തിന് ഏറെ പരിഹാരമാവുമെന്നാണു പ്രതീക്ഷ.

Next Story

RELATED STORIES

Share it