kannur local

പഴശ്ശി സാഗര്‍ മിനി ജലവൈദ്യുതപദ്ധതിക്ക് ഡാം സുരക്ഷാ അതോറിറ്റി അനുമതി

മട്ടന്നൂര്‍: പഴശ്ശി സാഗര്‍ മിനി ജലവൈദ്യുതി പദ്ധതിക്ക് ഡാം സുരക്ഷാ അതോറിറ്റിയുടെ അനുമതി ലഭിച്ചു. പഴശ്ശി അണക്കെട്ടിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന പദ്ധതിക്ക് ജലവിഭവ വകുപ്പ് തത്വത്തില്‍ അനുമതി നല്‍കിയെങ്കിലും ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ നിര്‍മാണ പ്രവൃത്തിക്കുള്ള എന്‍ഒസി ജലവിഭവ വകുപ്പ് ഇതുവരെ കെഎസ്ഇബിക്ക് നല്‍കിയിരുന്നില്ല.
വൈദ്യുതി ഉല്‍പാദനത്തിനായി സംഭരണിയുടെ ഷട്ടറുകള്‍ എല്ലാ സമയവും അടച്ചിടേണ്ടിവരുമ്പോള്‍ ഉണ്ടാക്കുന്ന സുരക്ഷാ പ്രശ്‌നമാണ്   എന്‍ഒസി വൈകാന്‍ കാരണം.
ഇതിനു പുറമെ ഡാമിനോട് ചേര്‍ന്നുകിടക്കുന്ന കൂറ്റന്‍ പാറയും നിര്‍മാണത്തിന് തടസ്സമായിരുന്നു. ഡാം സുരക്ഷാ അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെ കൂറ്റന്‍ പാറ നീക്കാന്‍ കെഎസ്ഇബി ബംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിററ്റിയൂട്ട് ഓഫ് റോക്ക് മെക്കാനിസത്തിന്റെ വിദഗ്ധ സഹായം ഇതിനകം തേടിയിട്ടുണ്ട്.
പഴശ്ശി അണക്കെട്ടിനോടു ചേര്‍ന്നാണ് കൂറ്റന്‍പാറ സ്ഥിതി ചെയ്യുന്നത്. പാറ നീക്കം ചെയ്യുമ്പോള്‍ തൊട്ടടുത്ത് കിടക്കുന്ന അണക്കെട്ടിന് സുരക്ഷാ ഭീഷണി ബാധിക്കാതിരിക്കാനാണ്  വിദഗ്ധ സഹായം തേടിയത്.
പാറ പൊട്ടിക്കുമ്പോഴുണ്ടാവുന്ന വൈബ്രേഷനും പൊട്ടിക്കാനുപയോഗിക്കുന്ന ശക്തിയും നിര്‍ണയിക്കണം. ഇതിനുവേണ്ടി കെഎസ്ഇബി കണ്‍സള്‍ട്ടിങ് ഫീസായി 25 ലക്ഷം രൂപ ഇന്‍സ്റ്റിറ്റിയൂട്ടിനു നല്‍കണം. ഇറിഗേഷന്‍ വകുപ്പ് നല്‍കിയ 3.50 ഹെക്ടര്‍ ഭൂമിയിലാണ് നിര്‍മാണം ആരംഭിച്ചത്. 7.50 മെഗാവാട്ടിന്റെ പദ്ധതിക്ക് 79.85 കോടിയാണ് ചെലവഴിക്കുന്നത്. 50 കോടിയുടെ സിവില്‍ പ്രവൃത്തിയാണ് ടെന്‍ഡര്‍ ചെയ്തിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ മാത്രമേ ട്രാന്‍സ്മിഷന്‍ പ്രവര്‍ത്തിയും യന്ത്രങ്ങള്‍ വാങ്ങലും ടെന്‍ഡര്‍ ചെയ്യുകയുള്ളൂ.
പഴശ്ശി സംഭരണിയില്‍ നിന്നു 80 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മിച്ച് ഇവിടെ നിന്നു ചെറിയ മൂന്ന് തുരങ്കങ്ങളിലൂടെ പവര്‍ ഹൗസില്‍ വെള്ളമെത്തിച്ചു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കു. സംഭരണിയില്‍ 19.50 മീറ്റര്‍ വെള്ളം ഉണ്ടെങ്കില്‍ പോലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവും. പ്രതിവര്‍ഷം 25.16 മില്യണ്‍ യൂനിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്നു പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it