kannur local

പഴശ്ശി സാഗര്‍ പദ്ധതി: നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങി

മട്ടന്നൂര്‍: ജില്ലയിലെ കാര്‍ഷിക വിപ്ലവത്തിന് തുടക്കംകുറിച്ച് 45 വര്‍ഷം മുമ്പ് തുടങ്ങിയ പഴശ്ശി പദ്ധതിയെ പ്രയോജനപ്പെടുത്തി കെഎസ്ഇബി ആരംഭിക്കുന്ന ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗര്‍ പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങി. പ്രവൃത്തിയുടെ ഭാഗമായി മണ്ണ് നിരപ്പാക്കല്‍ ജോലി ആരംഭിച്ചു. പദ്ധതിപ്രദേശമായ വെളിയമ്പ്രയില്‍ കഴിഞ്ഞ ദിവസം മുതല്‍ കരാര്‍ കമ്പനിയുടെ നേതൃത്വത്തില്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടമെന്നോണം മണ്ണ് നീക്കിത്തുടങ്ങി. രണ്ടുമാസം മുമ്പ് ഭൂമിപൂജ നടത്തിയിരുന്നു. പദ്ധതിക്കായി ഇറിഗേഷന്‍ വകുപ്പ് നല്‍കിയ 3.5 ഹെക്റ്റര്‍ ഭൂമി കരാര്‍ കമ്പനിയായ തമിഴ്‌നാട്ടിലെ ആര്‍എസ് ഡെവലപേഴ്‌സിനു വിട്ടുനല്‍കിയിരുന്നു. 7 .5 മെഗാവാട്ടിന്റെ പദ്ധതിക്ക് 79.85 കോടിയാണ് ചെലവഴിക്കുന്നത്. 50 കോടിയുടെ സിവില്‍ പ്രവൃത്തിയാണ് ടെന്‍ഡര്‍ ചെയ്തത്. രണ്ടാം ഘട്ടത്തില്‍ മാത്രമേ ട്രാന്‍സ്മിഷന്‍ പ്രവൃത്തിയും യന്ത്രങ്ങള്‍ വാങ്ങലും ടെന്‍ഡര്‍ ചെയ്യുകയുള്ളൂ. പഴശ്ശി സംഭരണിയില്‍നിന്ന് 80 മീറ്റര്‍ നീളത്തില്‍ തുരങ്കം നി ര്‍മിച്ച് ഇവിടെ നിന്നു ചെറിയ മൂന്ന് തുരങ്കങ്ങളിലൂടെ പവര്‍ ഹൗസില്‍ വെള്ളമെത്തിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുക. സംഭരണിയില്‍ 19.50 മീറ്റര്‍ വെള്ളമുണ്ടെങ്കില്‍ പോലും വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. പ്രതിവര്‍ഷം 25.16 മില്യണ്‍ യൂനിറ്റ് വൈദ്യുതി ഉല്‍പാദനമാണു പ്രതീക്ഷിക്കുന്നത്. ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഓഫിസ് പഴശ്ശി സാഗര്‍ പദ്ധതിയുടെ ഓഫിസാക്കി ചാവശ്ശേരിയിലേക്കു മാറ്റിക്കഴിഞ്ഞു. ജലസേചന പദ്ധതിയായി തുടങ്ങിയ പഴശ്ശി പദ്ധതി ഇപ്പോള്‍ വെറും കുടിവെള്ള പദ്ധതി മാത്രമായി മാറിയിരിക്കുകയാണ്. ഒരേ സമയത്ത് കുടിവെള്ള പദ്ധതിയായും വൈദ്യുത പദ്ധതിയായും പഴശ്ശിയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യം ഇതോടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കനാലുകള്‍ ആഴംകൂട്ടി ജില്ലയുടെ വിവിധ മേഖലകളില്‍ കുടിവെള്ളമെത്തിക്കാനുള്ള ശ്രമവും ആരംഭിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ മെയിന്‍ കനാലിലൂടെ വെള്ളമൊഴുക്കാനുള്ള ശ്രമം ആരംഭിക്കും. 100 കോടിക്ക് മുകളില്‍ ചെലവഴിച്ചിട്ട് പോലും പഴശ്ശി പദ്ധതി ലക്ഷ്യംകണ്ടില്ല. പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതികൂടി പ്രാവര്‍ത്തികമാവുന്നതോടെ വടക്കേ മലബാറിന്റെ വൈദ്യുതിക്ഷാമത്തിന് ഏറെ പരിഹാരമാവും.
Next Story

RELATED STORIES

Share it