Flash News

പഴശ്ശി രാജാവിന്റെ പടയോട്ടചരിത്രം ചുവര്‍ചിത്രങ്ങളില്‍



സുബൈര്‍  ഉരുവച്ചാല്‍

മട്ടന്നൂര്‍: പഴശ്ശി രാജാവിന്റെ ഓ ര്‍മ നിലനിര്‍ത്താന്‍ മട്ടന്നൂര്‍ നഗരസഭ സ്ഥാപിച്ച സ്മൃതിമന്ദിരത്തിലെ ചുവര്‍ചിത്രങ്ങള്‍ വിസ്മയമാവുന്നു. ദിനേന നിരവധിപേരാണ് ചുവര്‍ചിത്രങ്ങള്‍ കാണാനെത്തുന്നത്. പഴശ്ശിയി ല്‍നിന്നു തുടങ്ങി വയനാട് മാവിലാത്തോടിന്‍കരയില്‍ ജീവ ന്‍ നഷ്ടമാവുന്നതു വരെയുള്ള പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും സന്ധിസംഭാഷണങ്ങളുടെയും പ്രധാന ഭാഗങ്ങളാണ് ചുവര്‍ചിത്രങ്ങളിലുള്ളത്. പഴശ്ശിരാജ മുഴക്കുന്ന് പിണ്ഡാരിക്കളരിയില്‍ കളരി അഭ്യസിക്കുന്നത്, പഴശ്ശിയുടെ പടയാളികള്‍ തലശ്ശേരി കോട്ട സംരക്ഷിക്കുന്നത്, ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള സന്ധിസംഭാഷണങ്ങള്‍, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അമിത നികുതിപിരിവിനെതിരേയുള്ള പ്രവര്‍ത്തനം, പഴശ്ശി കോട്ട ബ്രിട്ടിഷുകാര്‍ ആക്രമിക്കുന്നത്, തലയ്ക്കല്‍ ചന്തുവിനെ തൂക്കിലേറ്റുന്നത് തുടങ്ങി പഴശ്ശിരാജയുടെ അന്ത്യനിമിഷങ്ങള്‍ വരെയാണ് തനിമയോടെ വരച്ചത്. പ്രശസ്ത ചുവര്‍ചിത്രകാരനായ കെ ആര്‍ ബാബുവിന്റെ നേതൃത്വത്തിലാണു രചന. കെ ജോയ്കുമാര്‍, സദന്‍ മേളം, രഞ്ജിത് അരിയില്‍, ശബരീശന്‍ വേങ്ങേരി, പ്രതീഷ് മേലൂര്‍, മിഥുന്‍ പെരിങ്ങത്തൂര്‍, സി പി വിജില്‍, നിജേഷ് മാനന്തവാടി, വിസ്മയ, ദിയ, സിമി എന്നിവരാണ് മറ്റു ചിത്രകാരന്മാര്‍. 20 ദിവസംകൊണ്ടാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പഴശ്ശിരാജയുടെ ഈട്ടിത്തടിയില്‍ തീര്‍ത്ത പൂര്‍ണകായ പ്രതിമ മന്ദിരത്തിലുണ്ട്. പഴശ്ശിയുടെ ജീവചരിത്രം അടങ്ങിയ ലേഖനങ്ങളും തമ്പുരാന്റെ ഛായാചിത്രവുമാണ് ഈ സ്മൃതിമന്ദിരത്തിലുള്ളത്.
Next Story

RELATED STORIES

Share it