kannur local

പഴശ്ശി ജലസേചന പദ്ധതി പുനരുജ്ജീവനത്തിന് വന്‍പദ്ധതികള്‍; 11ന് വിദഗ്ധസംഘം ചര്‍ച്ച

ഇരിക്കൂര്‍: പഴശ്ശി ജലസേചന പദ്ധതി കനാലുകളിലൂടെ ജല വിതരണം പുനരാരംഭിക്കുകയും കാര്‍ഷിക മേഖലയുമായി അതിനെ ബന്ധിപ്പിക്കുന്നതിനുമായി ഹരിത കേരളം മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജലസേചന വകുപ്പ് തയ്യാറെടുക്കുന്നു. അടുത്ത വേനലില്‍ പഴശ്ശി കനാലുകളിലൂടെ സുഗമമായ ജലവിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഇതിനായി അഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു. ജലവിതരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളില്‍ നിന്നു ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരിത കേരളം പദ്ധതിയിലുള്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ മിഷന്‍ മോണിറ്ററിങ്് ടീമംഗങ്ങളും ഹരിത കേരളം സംസ്ഥാന കണ്‍സള്‍ട്ടന്റും ചീഫ് എന്‍ജിനീയറുമടങ്ങുന്ന സംഘം കഴിഞ്ഞാഴ്ച പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട വിദഗ്ധ വിഭാഗങ്ങളുമായും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ചനടത്തി. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലയില്‍ പഴശ്ശി കനാലുകള്‍ കടന്നുപോകുന്ന പഞ്ചായത്ത്, നഗരസഭകളുടെ അധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തുന്നത്. 11ന് വൈകീട്ട് നാലിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉന്നതതല സംഘം ചര്‍ച്ച നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുക. കനാലുകളുടെ അറ്റകുറ്റപ്പണി,  പദ്ധതി പ്രദേശങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കല്‍, പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പു പദ്ധതിയെ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യും.
പഴശ്ശി കനാലിന്റെ ഭാഗമായ തരിശ്ശുഭൂമിയില്‍ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്. 24 പഞ്ചായത്തുകളിലൂടെയും ആറു നഗരസഭകളിലൂടെയുമാണ് കനാലുകള്‍ കടന്നുപോകുന്നത്.
Next Story

RELATED STORIES

Share it