kannur local

പഴശ്ശി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചാല്‍ മണ്ണൂര്‍ പുഴയിലെ നീരൊഴുക്ക് നിലയ്ക്കും

ഇരിക്കൂര്‍: പഴശ്ശി അണക്കെട്ടിലെ 16 ഷട്ടറുകളും അടയ്ക്കുന്നതോടെ കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകുന്ന മണ്ണൂര്‍ക്കടവ് പുഴയിലെ നീരൊഴുക്ക് നിലയ്ക്കും. പുഴയിലെ ആഴമുള്ള ചില ഭാഗങ്ങളിലെ വെള്ളക്കെട്ടുകളാണ് ഇരുകരവാസികളുടെയും ആശാകേന്ദ്രം. നവംബര്‍, ഡിസമ്പര്‍ മാസങ്ങളിലാണ് വെള്ളം സംഭരിക്കാനായി അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായി അടയ്ക്കാറുള്ളത്.
ജൂണ്‍ മുതല്‍ നവംബര്‍, ഡിസംബര്‍ വരെ പുഴയില്‍ നല്ല വെള്ളമുണ്ടാവും. നവംബര്‍, ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ പഴശ്ശി റിസര്‍വോയര്‍ വെള്ളം നിറഞ്ഞിരിക്കും. കുടക് മലനിരകളില്‍ നിന്നും വയനാടന്‍ കാടുകളില്‍ നിന്നും ഉല്‍ഭവിച്ചൊഴുകിയെത്തുന്ന വളപട്ടണം പുഴയുടെ ഭാഗമാണ് മണ്ണൂര്‍കടവ് പുഴ. മട്ടന്നൂര്‍, ഇരിക്കൂര്‍ നിയമസഭകളെയും തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുക്കളെയും ബന്ധിപ്പിക്കുന്ന നിലയിലാണ് പുഴയൊഴുകുന്നത്.
പഴയ കാലത്ത് കാലവര്‍ഷത്തില്‍ ഈ പുഴയിലൂടെ വലിയ തടികള്‍ തമ്മില്‍ കെട്ടിയുണ്ടാക്കിയ പാണ്ടികള്‍ നിരനിരയായി വളപട്ടണം മരവ്യാപാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. നവംബര്‍, ഡിസംബറോടെ പഴശ്ശി അണക്കെട്ടിലെ ഷട്ടറുകളെല്ലാം അടച്ചിട്ടാല്‍ ചുളിയാട് കടവ് വരെ ഒഴുകുന്ന 15 കിലോമീറ്റര്‍ ഭാഗങ്ങളില്‍ ജലവിതാനം കുറയും. പുഴയില്‍ വേലിയേറ്റമുള്ളതിനാല്‍ നിലാമുറ്റം വരെ മോശമില്ലാത്ത വെളളമുണ്ടാവും.
എന്നാല്‍ ഇരിക്കൂര്‍ പാലം വരെ നീരൊഴുക്ക് മുറിഞ്ഞു മുറിഞ്ഞിരിക്കും. ഇരിക്കൂ ര്‍ പഴയ കടവിന്റെയും ആയിപ്പുഴ പള്ളി കടവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ ഒരു ചെക്ക്ഡാം നിര്‍മിച്ചാല്‍ ഇരിക്കൂര്‍, കൂടാളി ഗ്രാമപ്പഞ്ചായത്തുകള്‍ക്കും മട്ടന്നൂര്‍ നഗരസഭയിലേക്കും സുലഭമായി വെളളം ലഭിക്കും. ഇത് കാര്‍ഷിക മേഖലകള്‍ക്കും ഏറെ പ്രയോജനപ്പെടും.
Next Story

RELATED STORIES

Share it