thrissur local

പഴയ സ്വര്‍ണവില്‍പന തട്ടിപ്പ്;രണ്ടു പേര്‍ പിടിയില്‍

ചാലക്കുടി: പഴയ സ്വര്‍ണം കുറഞ്ഞ വിലയ്‌ക്കെടുത്ത് അറ്റകുറ്റപ്പണികള്‍ ചെയ്ത് വില്‍ക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടു പേരെ എസ്‌ഐ  ജയേഷ് ബാലനും സംഘവും ചാലക്കുടിയില്‍ പിടികൂടി. കൊടുങ്ങല്ലൂര്‍ കാര മുരിയക്കര വീട്ടില്‍ സിറാജുദീന്‍, പോട്ട പനമ്പിള്ളി നഗര്‍ തെക്കേക്കര ജെയ്‌സണ്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ മുന്‍പും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. തൃശൂര്‍ ഊരകം സ്വദേശി പട്ടിയക്കാരന്‍ മുഹമ്മദലിയുടെ മകന്‍ ഫൈസലാണ് തട്ടിപ്പിനിരയായത്. ഒരു മാസം മുന്‍പ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് പഴയ സ്വര്‍ണത്തിന്റെ ബിസിനസുകാരനെന്ന് പറഞ്ഞ് പരിചയപ്പെട്ട സിറാജുദീന്‍ മാന്യമായ പെരുമാറ്റത്തിലൂടെയും വാട്‌സ് ആപ്പിലൂടെ നിരന്തരം ബന്ധപ്പെട്ട് ഫൈസലിന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. ലാഭത്തിന്റെ പകുതി നല്‍കാമെന്ന് പറഞ്ഞ് പഴയ സ്വര്‍ണാഭരണങ്ങളുടെ കേടുപാടുകള്‍ മാറ്റി നൂതന ടെക്‌നോളജി ഉപയോഗിച്ച് പോളിഷ് ചെയ്ത് വില്‍ക്കാമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞ് കാണിച്ചിരുന്നത് ഇവരുടെ സുഹൃത്തുക്കള്‍ തന്നെ ഉണ്ടാക്കിക്കൊടുക്കുന്ന മുക്കുപണ്ടങ്ങളായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇതിനിടയില്‍ നാല്‍പതിനായിരം രൂപയോളം ഇവര്‍ വാങ്ങിയിരുന്നു. വീണ്ടും ഒരു ലക്ഷം കൂടി ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി പരാതിപ്പെട്ട ഫൈസല്‍ പോലിസ് നിര്‍ദ്ദേശിച്ചതനുസരിച്ച് പണം തരാമെന്ന് പറഞ്ഞ് പ്രതികളെ ചാലക്കുടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സിറാജുദീന്‍ പണം വാങ്ങാന്‍ എത്തിയപ്പോള്‍ ജെയ്‌സണ്‍ ഇവരെ നിരീക്ഷിച്ചു ദൂരെ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ മഫ്തിയില്‍ പല സംഘങ്ങളായി നേരത്തേ തന്നെ നിലയുറപ്പിച്ചിരുന്ന പോലിസ് സംഘം ഇവരെ കയ്യോടെ പിടികൂടി. ഡിവൈഎസ്പി  ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ  ശ്രീനി, സീനിയര്‍ സിപിഒ  സതീശന്‍ മടപ്പാട്ടില്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it