Flash News

പഴയ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്‌



ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ തുടരുന്ന സാഹചര്യത്തില്‍ 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പിടിച്ചെടുക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹി സര്‍ക്കാരിനും ട്രാഫിക് പോലിസിനും നിര്‍ദേശം നല്‍കി.ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിലവില്‍ പിടിച്ചെടുക്കുകയോ ജപ്തി ചെയ്യുകയോ ചെയ്യുന്നുണ്ടെന്ന് ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ഇത്തരത്തിലുള്ള നാലുലക്ഷത്തോളം നാലുചക്ര വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഡല്‍ഹി ഗതാഗതവകുപ്പ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്യതലസ്ഥാന മേഖലയിലെ (എന്‍സിആര്‍) മലിനീകരണം നിയന്ത്രിക്കുന്നതിന് ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡും കര്‍ശന നിര്‍ദേശങ്ങളാണ് വിവിധ സര്‍ക്കാര്‍ ഡിപാര്‍ട്ട്‌മെന്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ധാന്യങ്ങളുടെ വിളവെടുപ്പ് കഴിഞ്ഞശേഷം കൃഷിയിടങ്ങളില്‍ അവശേഷിക്കുന്ന വൈക്കോല്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന് ജില്ലാ ഭരണകൂടങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിത കോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കര്‍ഷകര്‍ക്കെതിരേ അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.   ഇന്നലെയും ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞാണ് രൂപപ്പെട്ടത്. ദൂരക്കാഴ്ചാ പരിധി കുറഞ്ഞതിനെ തുടര്‍ന്ന് നിസാമുദ്ദീന്‍-കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് അടക്കം പത്തോളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. നൂറോളം സര്‍വീസുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പുറപ്പെടേണ്ട നിരവധി വിമാന സര്‍വീസുകളും ഇന്നലെ റദ്ദാക്കി. ശ്വാസംമുട്ട്, ചുമ, കണ്ണുചൊറിച്ചില്‍, തലവേദന തുടങ്ങിയവ ജനങ്ങള്‍ക്കിടയില്‍ രൂക്ഷമാണ്. ഡല്‍ഹി വല്ലഭ്ഭായ് പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ മൂന്നിരട്ടി രോഗികളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it