ernakulam local

പഴയ ഫയലുകള്‍ ഇനിമുതല്‍ സുരക്ഷാമുറിയില്‍

കാക്കനാട്: കലക്ടറേറ്റിലെ ഫയലുകള്‍ ഇനി മുതല്‍ നവീകരിച്ച സ്‌ട്രോങ്് മുറിയില്‍. നടപടികള്‍ പൂര്‍ത്തീകരിച്ച ഒരു ലക്ഷം ഫയലുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുവാനാണ് സുരക്ഷാ മുറി തയ്യാറാക്കിയിട്ടുള്ളത്. രണ്ടു മാസത്തോളമായി സജ്ജമായ മുറി ഉദ്ഘാടനത്തിനായി റവന്യുമന്ത്രിയുടെ അവസരത്തിനായി കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം’  അഞ്ചുലക്ഷത്തോളം രൂപ ചെലവില്‍ കെല്‍ട്രോണാണ്  മുറി നവീകരിച്ചിട്ടുള്ളത്. കലക്ടറേറ്റിലെ പതിനഞ്ചോളം വകുപ്പുകളിലെ നടപടികള്‍ പൂര്‍ത്തീകരിച്ച 1998 മുതലുള്ള ഫയലുകളാണ് ഇവിടെ സൂക്ഷിക്കുന്നത്. അതിനു മുമ്പുള്ള ഫയലുകള്‍ പുരാവസ്തു വകുപ്പിന് കൈമാറി. ഓരോ വകുപ്പിന്റേയും നടപടികള്‍ പൂര്‍ത്തീകരിച്ച്, വര്‍ഷങ്ങള്‍ തിരിച്ച് പ്രത്യേക റാക്കുകളിലായാണ് ഫയലുകള്‍ സൂക്ഷിക്കുന്നത്. കലക്ടറേറ്റിലെ പല ജീവനക്കാരുടേയും സര്‍വീസ് ബുക്കുകളും യാത്ര പടി രേഖകളും നേരത്തെ കാണാതായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല പ്രധാന ഫയലുകളും ചിതല്‍ നശിപ്പിച്ചിട്ടുണ്ട്. അതില്‍നിന്നെല്ലാം മോചനമാണ് ഇപ്പോഴത്തെ നവീകരിച്ച ഫയല്‍ സൂക്ഷിപ്പുമുറി. ഏതു വിഭാഗത്തില്‍പ്പെട്ട ഫയലുകള്‍ ഏത് റാക്കിലാണെന്ന് കംപ്യൂട്ടറില്‍ തിരിച്ചറിയാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടറില്‍ നോക്കി ഫയലുകളുടെ സ്ഥാനം കണ്ടെത്താന്‍ കഴിയും. പഞ്ചിങ് മെഷീനില്‍ വിരലടയാളം രേഖപ്പെടുത്തിയിട്ടുള്ള ജീവനക്കാര്‍ക്ക് മാത്രമേ ഫയല്‍ സൂക്ഷിപ്പുമുറിയില്‍ പ്രവേശിക്കാനാകൂ. വര്‍ഷങ്ങള്‍ക്കു മുമ്പ് പേപ്പര്‍ ലെസ് കലക്ടറേറ്റെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഓരോ മേശപ്പുറത്തും ഫയല്‍കൂമ്പാരങ്ങളാണ് ഇപ്പോഴുമുള്ളത്.
Next Story

RELATED STORIES

Share it