kozhikode local

പഴയ കെട്ടിടത്തില്‍ ക്ലാസുകള്‍ നടത്തരുത്: കലക്ടര്‍

കോഴിക്കോട്: ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം അപകടത്തിലായ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് എം കെ രാഘവന്‍ എംപിയുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ വിദ്യാലയ മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു. കാലപ്പഴക്കത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണിരുന്നു.
പഴയ കെട്ടിടത്തില്‍ യാതൊരു വിധത്തിലും ക്ലാസുകള്‍ നടത്താന്‍ അനുവദിക്കില്ലെന്നും എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ യു വി ജോസ് പറഞ്ഞു.
വിദ്യാര്‍ഥികളുടെ ജീവന് ഭീഷണി നിലനില്‍ക്കുന്ന സഹചര്യത്തില്‍ ദുരന്തനിവാരണ ആക്ട് പ്രകാരം ക്ലാസുകളുടെ പ്രവര്‍ത്തന സമയം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കാന്‍ കലക്ടര്‍ അനുവാദം നല്‍കി. രാവിലെ 6.30 മുതല്‍ 12.30 വരെ യുപി ക്ലാസുകളും ഉച്ചക്ക് 1 മുതല്‍ വൈകിട്ട് 6 വരെ ഹയര്‍സെക്കന്ററി വിഭാഗവും പ്രവര്‍ത്തിക്കും. പുതിയ കെട്ടിടം നിര്‍മിക്കുന്നത് സംബന്ധിച്ച് ഒക്ടോബര്‍ ഒന്നിന് ഡല്‍ഹിയില്‍ യോഗം ചേരും. എം കെ രാഘവന്‍ എംപി, പ്രിന്‍സിപ്പല്‍ പി കെ ചന്ദ്രന്‍ പങ്കെടുക്കും.
കേന്ദ്രീയ വിദ്യാലയത്തിന്റെ ഭൂമിയില്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ 20 ക്ലാസ്—റൂമുകള്‍ താല്‍കാലികമായി നിര്‍മിച്ച് നല്‍കുമെന്ന് യോഗത്തില്‍ ഉറപ്പു നല്‍കി. അനുമതി ലഭിച്ച ശേഷം ഇതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.
ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) എന്‍ റംല, ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയ സ്—കൂള്‍ പ്രിന്‍സിപ്പല്‍ പി കെ ചന്ദ്രന്‍, വിദ്യാലയ മാനേജ്—മെന്റ് കമ്മിറ്റി അംഗം യു കെ കുമാരന്‍, പിഡബ്ല്യൂഡി സെന്‍ട്രല്‍ എക്—സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ശ്രീകാന്ത്, പിടിഎ പ്രസിഡന്റ് കെ പത്മകുമാര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it