palakkad local

പഴയ കെട്ടിടങ്ങള്‍: ദുരന്ത ഭീതിയില്‍ ഒലവക്കോട് നഗരം

ഒലവക്കോട്: നഗരപരിധിയി ല്‍ കാലപ്പഴക്കത്തില്‍ ജീര്‍ണിച്ച് നിലംപൊത്താറായ കെട്ടിടങ്ങള്‍ നിരവധി. അപകട ഭീഷണി നിലനില്‍ക്കുമ്പോഴും ഭരണകുടം അറിഞ്ഞമട്ടില്ല. നഗരത്തിന്റെ നാനാഭാഗങ്ങളില്‍ അപകട ഭീഷണിയുയര്‍ത്തി നിലനില്‍ക്കുന്ന കെട്ടിടങ്ങളുടെ കണക്ക് നഗരസഭക്കിപ്പോഴും അന്യമാണ്.
കഴിഞ്ഞയാഴ്ച്ച സുല്‍ത്താന്‍പേട്ട-കോയമ്പത്തൂര്‍ റോഡിലെ കാലപ്പഴക്കമുള്ള കെട്ടിടം ഇടിഞ്ഞ് വീണ് അപകടം ഒഴിവായത് ഞായറാഴ്ച്ചയായതിനാലായിരുന്നു. ഇതേ രീതിയില്‍ ഇനിയും നിരവധി കെട്ടിടങ്ങള്‍ പലഭാഗങ്ങളിലും ഉണ്ടെന്നാണ് നഗരസഭ എന്‍ജിനീയറിങ് വിഭാഗം പറയുന്നത്. പട്ടിക്കര, മേലാമുറി, മാര്‍ക്കറ്റ് റോഡ്, നൂറണി, കോയമ്പത്തൂര്‍ റോഡ്, സുല്‍ത്താന്‍പേട്ട, കോര്‍ട്ട്‌റോഡ് എന്നിവിടങ്ങളില്‍ ഭൂരിഭാഗം ആളുകളും പ്രവര്‍ത്തിക്കുന്നത് ജീര്‍ണിച്ച കെട്ടിടങ്ങളിലാണ്.
എന്നാല്‍ ഇത്തരം കെട്ടിടങ്ങളുടെ സ്ഥിതിഗതികളറിയാനോ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കാനോ ഭരണകുടം തയ്യാറല്ല. പല കെട്ടിടങ്ങളിലും വാടകക്കാര്‍ ഉടമക്ക് നല്‍കുന്നതാകട്ടെ തുച്ഛമായ വാടകയുമാണെന്നതാണ് മറ്റൊരു വസ്തുത. കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പലതും കോടതിയിലാണ്. താമസയോഗ്യമായ കെട്ടിടങ്ങള്‍ 40,262 എണ്ണമുണ്ടെന്നാണ് നഗരസഭയുടെ കണക്കെങ്കിലും ഓഫിസ്, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ തുടങ്ങിയ കമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ 21350 ഓളം വരുമെന്നിരിക്കെ ഇതില്‍ ഭൂരിഭാഗവും അപകടാവസ്ഥയിലുള്ളതാണ്.
ചില പഴയ ഓടു കെട്ടിടങ്ങള്‍ പൊളിച്ച് നഗരപരിധിയില്‍ ആര്‍സി ബില്‍ഡിങുകള്‍ അടുത്തകാലത്തായി പണിതിട്ടുണ്ടെങ്കിലും ഇവയൊക്കെ പാര്‍ക്കിങ് പോലും വിടാതെയാണ് പണിതിട്ടുള്ളത്. നഗരത്തിന്റെ പലഭാഗങ്ങളിലുള്ള ഇത്തരം പഴയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് മതിയായ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതിനാല്‍ മിക്കയിടത്തും അനധികൃത പാര്‍ക്കിംഗ് മൂലം ഗതാഗതകുരുക്ക് പതിവാണ്.  കാലപ്പഴക്കത്താല്‍ മിക്ക കെട്ടിടങ്ങളുടെയും ചുവരുകളും മേല്‍ക്കൂരകളുമൊക്കെ ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണുള്ളതെന്നിരിക്കെ വ്യാപാരികള്‍ ഭീതിയോടെയാണ് രാപ്പകല്‍ തള്ളിനീക്കുന്നത്.
നഗരപരിധിയിലും മറ്റമുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി അപകടങ്ങള്‍ ഒഴിവാക്കുന്നതാനുള്ള നടപടികള്‍ നഗരസഭയുടെ ഭാഗത്തുനിന്നുമുണ്ടായില്ലെങ്കില്‍ ഇനിയും സുല്‍ത്താന്‍പേട്ടയിലുണ്ടായതുപോലെ മറ്റൊരു ദുരന്തം ഏതുനിമിഷവും ഉണ്ടാകാമെന്ന ഭീതിയിലാണ് നഗരവാസികള്‍.
Next Story

RELATED STORIES

Share it