പഴയ ഐഎന്‍എല്‍ നേതാക്കള്‍ കാസര്‍കോട്ട് നേര്‍ക്കുനേര്‍

കാസര്‍കോട്: രണ്ട് ദശാബ്ദത്തോളം ഐഎന്‍എല്ലില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച നേതാക്കള്‍ കാസര്‍കോട് അസംബ്ലി മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന്. ഐഎന്‍എല്‍ മുന്‍ സംസ്ഥാന ഖജാഞ്ചി ഡോ. എ എ അമീന്‍ എല്‍ഡിഎഫിലും യുഡിഎഫില്‍ നിന്ന് സിറ്റിങ് എംഎല്‍എയായ പഴയ ഐഎന്‍എല്‍ സംസ്ഥാന ഖജാഞ്ചി എന്‍ എ നെല്ലിക്കുന്നുമാണ് ഇത്തവണ കാസര്‍കോട്ട് മല്‍സരിക്കുന്നത്. ബിജെപിക്ക് വേണ്ടി ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറും പിഡിപിക്ക് വേണ്ടി മുഹമ്മദ് ബെള്ളൂരും മാറ്റുരക്കുന്നുണ്ട്.
2010ല്‍ ഐഎന്‍എല്ലിലെ ഒരു വിഭാഗം ലീഗില്‍ ലയിച്ചതിനെ തുടര്‍ന്ന് ഡോ. അമീനും എന്‍ എ നെല്ലിക്കുന്നും അടക്കം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ലീഗിലെത്തിയിരുന്നു. 2011ല്‍ എന്‍ എ നെല്ലിക്കുന്ന് കാസര്‍കോട് മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയായി. ബിജെപിയിലെ ജയലക്ഷ്മി എന്‍ ഭട്ടിനെ 9528 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായിരുന്ന ഡോ. എ എ അമീന്‍ തല്‍സ്ഥാനം രാജിവച്ച് ഐഎന്‍എല്ലിലേക്ക് തിരിച്ചുപോവുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നിരത്തിയാണ് നെല്ലിക്കുന്ന് വോട്ട് തേടുന്നത്. 15 വര്‍ഷം ലീഗിനെതിരേ കാസര്‍കോട് മണ്ഡലത്തില്‍ മല്‍സരിച്ച പാരമ്പര്യവും എന്‍ എ നെല്ലിക്കുന്നിനുണ്ട്. ബിജെപി ജില്ലാ നേതൃത്വത്തിന്റെ പട്ടിക തള്ളിയാണ് കുമ്മനം രാജശേഖരന്‍ തന്റെ സഹഭാരവാഹിയായ രവീശ തന്ത്രി കുണ്ടാറിനെ കാസര്‍കോട്ട് സ്ഥാനാര്‍ഥിയാക്കിയത്. ഇത് ബിജെപിയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it