kannur local

പഴയങ്ങാടി താലൂക്ക് ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നു

പഴയങ്ങാടി: മാടായി, ഏഴോം, ചെറുതാഴം, മാട്ടൂല്‍ പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയമായ പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. ആശുപത്രിയില്‍ എല്ലാ തസ്തികകളിലും ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും പകുതിയിലേറെ പേര്‍ അവധിയിലാണ്. ഇതാണ് പ്രവര്‍ത്തനം പ്രതിസന്ധിയിലാവാന്‍ കാരണം. 12 ഡോക്ടര്‍മാര്‍ ഉള്ളിടത്ത് ഇപ്പോള്‍ ജോലി ചെയ്യുന്നത് ഏഴുപേര്‍ മാത്രം. ഇവരില്‍ ചിലര്‍ അവധിയെടുത്ത് സ്വകാര്യ ക്ലിനിക്കുകളില്‍ പരിശോധന നടത്തുകയാണ്. അതേസമയം, മനപ്പൂര്‍വം ഡോക്ടര്‍മാരുടെ എണ്ണം കുറച്ച് കിടത്തിച്ചികില്‍സ നിര്‍ത്തലാക്കാനുള്ള ഗൂഢശ്രമം നടക്കുന്നതായും പരാതിയുണ്ട്. രാത്രികാലങ്ങളില്‍ ഒരു നഴ്‌സും ഒരു ഡ്യുട്ടി ഡോക്ടറും സേവനമനുഷ്ഠിക്കുന്നുണ്ട്. എന്നാല്‍ ചികില്‍സയ്‌ക്കെത്തുന്നവരെ ഇവര്‍ സ്വകാര്യ ക്ലിനിക്കിലേക്ക് പറഞ്ഞുവിടുകയാണെന്നാണ് ആരോപണം. ഇസിജി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉണ്ടെങ്കിലും ഉപയോഗിക്കാറില്ല. സമീപകാലത്ത് നെഞ്ചുവേദന അനുഭവപ്പെട്ട രോഗി മതിയായ ചികില്‍സ ലഭിക്കാതെ മരണപ്പെട്ട സംഭവമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ് ചികില്‍സയ്‌ക്കെത്തിയവരെ ബന്ധുക്കളെ കൊണ്ട് മുറിവ് കഴുകിച്ച സംഭവവും ഉണ്ടായി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടനകള്‍ ഉണ്ടെങ്കിലും ചികില്‍സ തേടിയെത്തുന്ന രോഗികളുടെ കാര്യത്തില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. സൗകര്യങ്ങള്‍ ഏറെയുണ്ടായിട്ടും ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ജനപ്രതിനിധികളും തയ്യാറാവുന്നില്ല. സമീപപ്രദേശത്ത് സ്വകാര്യ ക്ലിനിക്കുകള്‍ സജീവമായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ നിര്‍ജീവമായി. എന്നാല്‍ ഡയാലിസിസ് ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കുമ്പോള്‍ കിടത്തിച്ചികില്‍സ ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it