kannur local

പഴയങ്ങാടിയിലെ ജ്വല്ലറി കവര്‍ച്ച; അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക്

പഴയങ്ങാടി: പട്ടാപ്പകല്‍ പഴയങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തെ അല്‍ഫത്തീബി ജ്വല്ലറിയില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. സ്ഥാപനവുമായി അടുത്തിടപഴകുന്ന യുവാവിലേക്കാണ് അന്വേഷണം നീളുന്നത്. ജ്വല്ലറിയെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണു പോലിസ് നിഗമനം. ഇക്കഴിഞ്ഞ എട്ടിന് ഉച്ചയ്ക്ക് 1.30നുംരണ്ടിനും ഇടയിലാണ് കവര്‍ച്ച നടന്നത്. ഉടമയും ജീവനക്കാരും അല്‍പം അകലെയുള്ള പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിന് പോയപ്പോഴായാണ് പൂട്ടുപൊളിച്ച് അകത്ത് കടന്ന് 3.4 കിലോയോളം സ്വര്‍ണം കവര്‍ന്നത്. ജ്വല്ലറിയുടെ പുറത്ത് മുഖം ടവ്വല്‍ കൊണ്ട് മറച്ച് ഒരാള്‍ കാവല്‍ നിന്നിരുന്നു.
ഈ സമയം ഒരു ഓട്ടോ ഡ്രൈവര്‍ ജ്വല്ലറിക്കു മുന്നിലെത്തിയിരുന്നെങ്കിലും അകത്ത് പെയിന്റിങ് ജോലി നടക്കുകയാണെന്നു പറഞ്ഞ് ഇയാളെ മടക്കിയയക്കുകയായിരുന്നു. ജ്വല്ലറിക്കു മുന്നില്‍ ഒരു ടാര്‍പോളിന്‍ ഷീറ്റ് കെട്ടുകയും ചെയ്തിരുന്നു. ഇത്രയും സൂക്ഷ്്്മമായ പദ്ധതിയോടെ കവര്‍ച്ച നടത്തണമെങ്കില്‍ ജ്വല്ലറിയെ കുറിച്ചും അതിന്റെ ഉടമയെക്കുറിച്ചും ജീവനക്കാരെ കുറിച്ചുമൊക്കെ നല്ല ധാരണയുള്ള ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടാവുമെന്നാണ് പോലിസ് വിശ്വസിക്കുന്നത്. കവര്‍ച്ചക്കാരില്‍ രണ്ടുപേര്‍ ഒരു സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി കാമറ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നെങ്കിലും സ്‌കൂട്ടര്‍ കണ്ടെത്താനായിട്ടില്ല. ആര്‍ടി ഓഫിസുമായി ബന്ധപ്പെട്ട് ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. മെബൈല്‍ ഫോണില്‍ വാട്‌സ്ആപ് കോളുകള്‍ ഉപയോഗിച്ചാണ് കവര്‍ച്ചാസംഘം പരസ്പരം ബന്ധപ്പെട്ടതെന്നാണു സൂചന. വാട്‌സ്ആപ് കോളുകളുടെ വിശദാംശങ്ങള്‍ കണ്ടെത്തുകയെന്നത് ഏറെ പ്രയാസകരമാണ്.  സൈബര്‍ സെല്ലിന്റെ സഹായത്തോടെ  അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it