malappuram local

പഴമയുടെ പുതുമയുമായി വണ്ടൂര്‍ പള്ളിക്കുന്ന് ജുമാമസ്ജിദ്

കുഞ്ഞിമുഹമ്മദ് കാളികാവ്

കാളികാവ്: കാലമേറെ മാറിയിട്ടും ഒട്ടും മാറാന്‍ തയ്യാറാവാതെ പഴമയുടെ ആചാരങ്ങളും ശേഷിപ്പുകളും കാത്തുസൂക്ഷിക്കുന്ന ഒരു ആരാധനാലയമാണ് വണ്ടൂര്‍ പള്ളിക്കുന്ന് ജുമാമസ്ജിദ്. നൂറിലേറെ വര്‍ഷം പഴക്കമുള്ള ഈ പള്ളിയിലെ ആചാരങ്ങളും ആരാധനാ രീതികളും അന്നും ഇന്നും ഒന്നു തന്നെ. കറളിക്കാട്ടില്‍ തണ്ടുപാറക്കല്‍ തറവാട്ടുകാരാണ് പള്ളി സ്ഥാപിച്ചതും ഭൂസ്വത്ത് വഖഫ് ചെയ്തതും. ഇക്കാലത്തിനിടെ ഉച്ചഭാഷിണി ഉപയോഗിക്കാത്ത ഏക ആരാധനാലയവും ഇതുതന്നെ. അതിനാല്‍ തന്നെ ശബ്ദമലിനീകരണ പരാതിയുമില്ല.
നമസ്‌കാര സമയം, നോമ്പുറ സമയം എന്നിവ അറിയിക്കുന്നതിന് ബാങ്കിനു പകരം നകാര അടിയാണ് ഇവിടത്തെ രീതി. പനയുടെ കുറ്റി തുരന്ന് വലിയ ചെമ്പ് പോലെയാക്കി അതില്‍ തുകല്‍ വിരിച്ച് ബാന്റ് പോലെയാക്കും. ഇതിനാണ് നകാര എന്നു പറയുന്നത്. ഉച്ചഭാഷിണി എത്തിയതോടെ എല്ലാ പള്ളികളും നകാരയടി ഒഴിവാക്കി. എന്നാല്‍, ഇവിടെ ഇപ്പോഴും മുടങ്ങാത്ത നകാര ശബ്ദം ഗൃഹാതുരത്വത്തിന്റെ വേറിട്ട കാഴ്ചയാണ്. ആരാധനാ മന്ത്രങ്ങളും ബാങ്കും ഉച്ചഭാഷിണിയിലൂടെ കൃത്രിമ ശബ്ദത്തിലൂടെ കേള്‍പ്പിക്കുന്നത് നല്ലതല്ലെന്ന കാഴ്ചപ്പാടും ഇവര്‍ക്കുണ്ട്. നോമ്പുതുറ സമയത്തും അത്താഴ സമയത്തും കതിനാ വെടി സമ്പ്രദായം നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്ന ആചാരമാണ്. പണ്ടുകാലത്ത് ഈ കതിനാ വെടിയുടെ ശബ്ദത്തെ ആശ്രയിച്ചായിരുന്നു ഒരു വലിയ ഭൂപ്രദേശത്തുകാര്‍ നോമ്പ് തുറന്നിരുന്നത്. പള്ളിയുടെ അകവും പുറവും കരകൗശലത്തിന്റെയും വാസ്തുവിദ്യയുടെയും ഒന്നാന്തരം കാഴ്ചയാണ്. പള്ളിയുടെ നടത്തിപ്പിനും പുനരുദ്ധാരണത്തിനും നേതൃത്വം നല്‍കുന്നത് മുതവല്ലിയാണ്്. കമ്മിറ്റി സമ്പ്രദായം ഇവിടെയില്ല. ഇപ്പോഴത്തെ മുതവല്ലി കെ ടി അബ്ദുല്‍ അസീസ് ഹാജിയാണ്.
Next Story

RELATED STORIES

Share it