Kottayam Local

പഴമയുടെ ചരിത്രം പേറുന്ന വഴിയമ്പലവും ചുമടുതാങ്ങികളും ഓര്‍മകളാവുന്നു

വൈക്കം: കാലങ്ങള്‍ക്കു മുമ്പുവരെ ജനങ്ങള്‍ ഏറെ ആശ്രയിച്ചിരുന്ന വഴിയമ്പലവും ചുമടുതാങ്ങികളും ഓര്‍മകളാവുന്നു. പഴയ തലമുറയ്ക്ക് ഇതെല്ലാം വലിയ അനുഭവങ്ങളായിരുന്നെങ്കില്‍ പുതിയ തലമുറയ്ക്ക് വഴിയമ്പലങ്ങളും ചുമടു താങ്ങിയും പരിചയമില്ല. കാല്‍നടയാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്ന വഴിയമ്പലങ്ങള്‍ ഇന്നു നാശത്തിന്റെ വക്കിലാണ്. തലയോലപ്പറമ്പ്, വടയാര്‍ ഇളങ്കാവ് ദേവീ ക്ഷേത്ര പരിസരം, തുറുവേലിക്കുന്ന് ധ്രുവപുരം ശിവ ക്ഷേത്രത്തിനു സമീപം, വെച്ചൂര്‍ ശാസ്തക്കുളം ദേവീക്ഷേത്രത്തിന് മുന്‍വശം എന്നിവിടങ്ങളിലാണ് വഴിയമ്പലങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.
വടയാറും വെച്ചൂരും വഴിയമ്പലങ്ങള്‍ നാട്ടുകാരാല്‍ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും തലയോലപ്പറമ്പിലും, തുറുവേലിക്കുന്നിലും വഴിയമ്പലങ്ങളുടെ അവസ്ഥ ദയനീയമാണ്. പഴയ ഭൂപ്രഭുക്കളായിരുന്ന തലയോലപ്പറമ്പിലെ കണിയാംപടിക്കല്‍ കുടുംബാംഗമാണ് വഴിയമ്പലമിരിക്കുന്ന 14 സെന്റ് സ്ഥലവും ഇതിന്റെ നടത്തിപ്പിനായി മൂന്നുപറ നിലവും നല്‍കിയത്. വഴിയാത്രക്കാര്‍ക്ക് ദാഹമകറ്റാന്‍ ഇവിടെ സൗജന്യമായി മോരുംവെള്ളം വിതരണം ഉണ്ടായിരുന്നു. ഇതിനായി ഒരാളെ നിയമിക്കുകയും ചെയ്തിരുന്നു. വാഹന സൗകര്യം ഇല്ലാതിരുന്ന കാലത്ത് തലയോലപ്പറമ്പ് കാര്‍ത്ത്യായനി ക്ഷേത്രത്തിന് മുന്‍വശത്തുകൂടിയായിരുന്നു പൊതുവഴി. അതുവഴി വരുന്ന യാത്രക്കാര്‍ക്ക് ക്ഷീണമകറ്റാന്‍ വഴിയമ്പലം അനുഗ്രഹമായിരുന്നു. സമീപത്തുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരിവെയ്ക്കുന്നതിന് കരിങ്കല്ലില്‍ തീര്‍ത്ത വലിയ മരവികളും ഇവിടെ ഇന്നും നശിക്കാതെ നിലനില്‍ക്കുന്നു. വെച്ചൂരില്‍ ശാസ്തക്കുളത്തിനു മുന്നിലുള്ള വഴിയമ്പലം ഇന്നും നാടിന്റെ സമ്പത്താണ്. വൃദ്ധജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ തമ്പടിച്ചാണ് ഇന്നും നാട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
Next Story

RELATED STORIES

Share it