Flash News

പഴനിയില്‍ വാഹനാപകടം; തീര്‍ത്ഥാടകരായ ഏഴു മലയാളികള്‍ മരിച്ചു

കോട്ടയം (മുണ്ടക്കയം): പഴനിയില്‍ തീര്‍ത്ഥാടനത്തിനു പോയ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഏഴുപേര്‍ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാറയില്‍ പി ആര്‍ ശശി (62), ഭാര്യ വിജയമ്മ ശശി (60), പാറയില്‍ അഭിജിത്ത് (14), തുണ്ടത്തില്‍ സുരേഷ് (52), ഭാര്യ ലേഖാ സുരേഷ് (48), മനുമോന്‍ സുരേഷ് (27), നിരപ്പേല്‍ സജിനി ബാബു (53) എന്നിവരാണ് മരിച്ചത്. അഭിജിത്തിന്റെ അനുജന്‍ ആദിത്യ(12)നെ ഗുരുതര പരിക്കുകളോടെ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച മാരുതി വാന്‍ എതിരേ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച രാത്രി 12.30നായിരുന്നു പഴനിക്ക് 15 കിലോമീറ്റര്‍ ഇപ്പുറം ആയാംകുടിയില്‍ അപകടമുണ്ടായത്. ഒരുകുടുംബത്തിലെ നാലുപേരും മൂന്ന്അയല്‍വാസികളുമാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ തേനി ഗവ. ആശുപത്രി, ഡിണ്ടിഗല്‍ ഗവ. ആശുപത്രി, മധുര മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായാണ് പ്രവേശിപ്പിച്ചിരുന്നത്. നാലുപേര്‍ സംഭവസ്ഥലത്തും അഭിജിത്ത് പഴനി ആശുപത്രിയിലും ലേഖ ഡിണ്ടിഗല്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സജിനി മധുര ആശുപത്രിയില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് വാന്‍ നിശ്ശേഷം തകര്‍ന്നു.
ആറുപേരുടെ മൃതദേഹം തേനി ഗവ. ആശുപത്രിയിലും ഒരാളുടെ മൃതദേഹം മധുര മെഡിക്കല്‍ കോളജ് ആശുപത്രിയിലും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അപകടവാര്‍ത്ത ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയാണ് നാട്ടിലറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ തമിഴ്‌നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് എട്ടംഗസംഘം കോരുത്തോട് നിന്ന്  പഴനിയിലേക്കു പോയത്. ഇന്നലെ വൈകീട്ട് ജന്‍മനാട്ടിലെത്തിച്ച മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചശേഷം ഇന്നു രാവിലെ എട്ടുമണി മുതല്‍ കോരുത്തോട് എസ്എന്‍ഡിപി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 10.30ന് മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it