Pathanamthitta local

പഴകുളത്ത് കിണറുകളില്‍ ആസിഡിന്റെ അംശം: പ്രതിഷേധവുമായി നാട്ടുകാര്‍

പഴകുളം: പ്രദേശത്ത് ഭൂരിഭാഗം കിണറുകളിലും ജല ശ്രോതസുകളിലും ആസിഡിന്റെ അംശം കണ്ടെത്തിയതുമൂലം കുടിവെള്ളം മലിനമായിക്കൊണ്ടിരിക്കുന്നതായി പരാതി. പഴയ ബാറ്ററിയിലെ വേസ്റ്റ് ആസിഡ് രാത്രികാലങ്ങളില്‍ കൊണ്ടൊഴിക്കുന്നതിനാല്‍ മുഴുവന്‍ കിണറുകളിലും ഇത് വ്യാപിക്കുകയാണ്. പഴകുളത്ത് ബാറ്ററി കച്ചവടം നടത്തുന്ന ഭരണകക്ഷിയില്‍പെട്ട ആളാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കിണറുകളില്‍ ആസിഡിന്റെ അംശം കണ്ടെത്തിയത് പ്രദേശവാസികളെ വലച്ചിരിക്കുകയാണ്.
കാന്‍സറും വൃക്കരോഗവും ഉള്‍പ്പടെ പല രോഗങ്ങളും ഈ ഭാഗത്തെ കിണര്‍ വെള്ളം കുടിച്ചാല്‍ ഉണ്ടാകുമെന്ന ജലപരിശോധന റിപോര്‍ട്ട് തെളിയിക്കുന്നു. ജില്ലാ കലക്ടര്‍ ഉള്‍പ്പടെ പലയിടത്തും പരാതി കൊടുത്തിട്ടും ഭരണസ്വാധീനം മൂലം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.ഈ സാഹചര്യത്തില്‍ വിപത്തുകള്‍ക്കെതിരെ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിന് പഴകുളം പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും  കൂടിയാലോചന യോഗം ഇന്ന് വൈകിട്ട് അഞ്ചിന് പഴകുളം മംഗല്യാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് വാര്‍ഡ് മെമ്പര്‍ ഷാജി അയത്തി കോണില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it