kasaragod local

പള്ളി സെമിത്തേരിയില്‍ സാമൂഹിക വിരുദ്ധരുടെ കൂടോത്രം; പോലിസ് അന്വേഷണം ആരംഭിച്ചു

ബദിയടുക്ക (കാസര്‍കോട്): പള്ളി സെമിത്തേരിയില്‍ സാമൂഹിക വിരുദ്ധരുടെ കൂടോത്രം. പള്ളി സെമിത്തേരിയില്‍ അതിക്രമിച്ച് കടന്ന് 10ലധികം കല്ലറകള്‍ ഇളക്കിമാറ്റിയാണ് സാമൂഹികവിരുദ്ധരുടെ കുടോത്രം. ഉക്കിനടുക്ക സേക്രഡ് ഹാര്‍ട്ട് ഓഫ് ചര്‍ച്ച് പള്ളി സെമിത്തേരിയിലാണ് സംഭവം.
കഴിഞ്ഞ ദിവസം വിശ്വാസികള്‍ സെമിത്തേരിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയപ്പോഴാണ് അതിക്രമം ശ്രദ്ധയില്‍പ്പെട്ടത്. കല്ലറകളിലെ കുരിശ് ഇളക്കിമാറ്റി കൂടോത്ര പൂജ നടത്തിയ രീതിയിലാണ് കല്ലറകള്‍ കാണപ്പെട്ടത്. ഇളനീര്‍, വെള്ളരി, കോഴിമുട്ട, പൂവ് എന്നിവയിട്ടാണ് വികൃതമാക്കിയത്. പ്രത്യേക കളങ്ങള്‍ വരച്ച്് ചില വാക്കുകള്‍ എഴുതിയ നിലയിലുമാണ്. കല്ലറയ്ക്ക് മുകളിലുള്ള കുരിശുകള്‍ തകര്‍ത്ത നിലയിലുമാണ്. റോമന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട കൊങ്ങിണി ക്രൈസ്തവരുടെ സെമിത്തേരിയാണിത്. സാമുദായിക പ്രശ്‌നങ്ങള്‍ നിലവിലില്ലാത്ത സ്ഥലത്ത് മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതാണെന്നു കരുതുന്നു. ബന്ധുക്കളുടെ മരണദിനത്തിലും ചില പ്രത്യേക ദിവസങ്ങളിലും സെമിത്തേരിയില്‍ എത്തി പ്രാര്‍ഥന നടത്തല്‍ പതിവാണ്. കഴിഞ്ഞദിവസം പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് കുരിശ് തകര്‍ത്ത നിലയില്‍ കണ്ടത്. പള്ളിവികാരി സ്റ്റാനി ഡിസൂസയുടെ പരാതിയില്‍ ബദിയടുക്ക പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുമൂന്ന് ദിവസംകൊണ്ടാണ് സെമിത്തേരിയില്‍ കൂടോത്രപരിപാടികള്‍ നടന്നതെന്നും സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സെമിത്തേരി സന്ദര്‍ശിച്ച വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങയത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it