Idukki local

പള്ളിവാസല്‍ വൈദ്യുത പദ്ധതി നിലച്ച മട്ടില്‍

തൊടുപുഴ: പള്ളിവാസല്‍ വൈദ്യുത പദ്ധതി നിലച്ച മട്ടില്‍. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിലെ ഉല്‍പാദനശേഷി 37.5 മെഗാവാട്ടില്‍ നിന്ന് 60 മെഗാവാട്ടായി ഉയര്‍ത്തുന്നതിനായി തുടങ്ങിയ പദ്ധതിയാണ് എങ്ങുമെത്താതെ നീളുന്നത്.2007 മാര്‍ച്ച് ഒന്നിന് ആരംഭിച്ച പദ്ധതി പൂര്‍ത്തീകരിക്കേണ്ടത് 2011ല്‍ ആയിരുന്നു. 280 കോടിയ്ക്ക് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്സാര്‍- ഡിഇസി, സിപിപിഎല്‍ കണ്‍സോര്‍ഷ്യമാണ് പണി ഏറ്റെടുത്തത്.
പണി തുടങ്ങിയിട്ട് എട്ടു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതിക്ക് ഇതുവരെ 179 കോടി രൂപ മുടക്കായി.സര്‍ക്കാരിനും വൈദ്യുതി വകുപ്പിനും വന്‍ സാമ്പത്തിക നഷ്ടമാണ് പദ്ധതി വരുത്തിയിരിക്കുന്നത്.74 ശതമാനം പണികളാണ് പൂര്‍ത്തിയാക്കിയത്.
കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ പദ്ധതി ഉപേക്ഷിച്ച മട്ടാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയ്ക്ക് നേരിട്ട തടസ്സങ്ങള്‍ മൂലം സാമ്പത്തിക നഷ്ടമുണ്ടായതായി കരാറുകാര്‍ ആരോപിക്കുന്നു. പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളായ ഇന്‍ടേക്കിന്റെയും അനുബന്ധ ടണലിന്റെയും പണി തുടങ്ങാനുമായിട്ടില്ല.
2011 സെപ്തംബര്‍ 2011ല്‍ ടണലിന്റെ ഒരു ഭാഗം മണ്ണിടിഞ്ഞു വീണ് നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഇത് നീക്കം ചെയ്തു പണി പുനരാരംഭിച്ചത് മൂന്നു വര്‍ഷം കഴിഞ്ഞാണ്. പണി പുനരാരംഭിക്കാന്‍ കെഎസ്ഇബി അനാവശ്യ കാലതാമസം വരുത്തിയതായും പരാതി ഉയര്‍ന്നിരുന്നു.
അത്യാധുനിക സാങ്കേതിക വിദ്യയുള്ള മെഷീനുകള്‍ ഈ പദ്ധതിക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. ഈ മെഷീനുകള്‍ ഉപയോഗിച്ച് 10 മീറ്റര്‍ ടണല്‍ പൂര്‍ത്തീകരിച്ചിരുന്നു. പവര്‍ ഹൗസ്, പെന്‍ സ്റ്റോക്ക്, പ്രഷര്‍ ഷാഫ്റ്റ് എന്നീ പണികളിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
2003ല്‍ വൈദ്യുതി വകുപ്പ് നടത്തിയ വിശദമായ പഠനത്തിനൊടുവിലാണ് മൂന്നാറിലെ ഹെഡ് വര്‍ക്‌സ് ഡാമില്‍ നിന്നും പാഴാകുന്ന അധിക വെള്ളമുപയോഗിച്ച് വൈദ്യുതി ഉല്‍പാദനം നടത്താനാവുമെന്ന് കണ്ടെത്തിയത്. പാഴാകുന്ന വെള്ളത്തില്‍ നിന്നും പ്രതിവര്‍ഷം 154 മില്യണ്‍ യൂനിറ്റ് (60 മെഗാവാട്ട്) ഉല്‍പാദനം സാധ്യമായ പദ്ധതിയുടെ പ്രധാന നിര്‍മാണ പ്രവര്‍ത്തനം മൂന്നര കിലോമീറ്റര്‍ ദൂരമുള്ള ടണലാണ്.
ഹെഡ് വര്‍ക്‌സ് ഡാമിനു സമീപം നിന്നും ആരംഭിക്കുന്ന ടണല്‍ പാറകള്‍ നിറഞ്ഞ മലകള്‍ തുരന്നാണ് നിര്‍മിക്കന്നത്.
Next Story

RELATED STORIES

Share it