ernakulam local

പള്ളിച്ചിറങ്ങരയിലെ വിശ്രമകേന്ദ്രം സംരക്ഷിക്കണമെന്ന്

മൂവാറ്റുപുഴ: പള്ളിച്ചിറങ്ങരയില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യ പ്രമുഖര്‍ക്ക് യാത്ര പോവുമ്പോള്‍ വിശ്രമിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍മിച്ച  വിശ്രമകേന്ദ്രം സംരക്ഷിക്കണമെന്ന്.
ക്രിസ്തീയ കുരിശു പള്ളിയും പള്ളിച്ചിറങ്ങര മുസ്്‌ലിം ജമാഅത്ത് പള്ളിയും പള്ളിക്കാവ് ദേവി ക്ഷേത്രവും തോളുരുമി നില്‍ക്കുന്ന പള്ളിച്ചിറങ്ങര മതസൗഹാര്‍ദ്ധത്തിന് പേരെടുത്ത സ്ഥലമെന്ന നിലയിലാണ് രാജാക്കന്മാര്‍ വിശ്രമ കേന്ദ്രമായി ഇവിടം തിരഞ്ഞെടുത്തത്.
മൂവാറ്റുപുഴ- പെരുമ്പാവൂര്‍ എംസി റോഡ് സൈഡിലായി ലക്ഷങ്ങള്‍ വിലവരുന്ന 16 സെന്റോളം  സ്ഥലം അനാഥമായി കിടക്കുകയാണ്. സര്‍ക്കാര്‍ രേഖകളില്‍ കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും അവകാശി പൊതുമരാമത്തുവകുപ്പാണ്. ഇതിനോട് ചേര്‍ന്ന് പായിപ്ര പഞ്ചായത്തിന്റെ ഒന്നരയേക്കറോളം വരുന്ന സ്ഥലത്ത് പള്ളിച്ചിറങ്ങര ചിറയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനു സമീപം പള്ളിക്കാവ് ദേവി ക്ഷേത്രവുമുണ്ട്.
ചിറയും ക്ഷേത്രവും അടുത്തടുത്തുള്ളതിനാല്‍ ശബരിമല മണ്ഡലകാലത്ത് എംസി റോഡിലൂടെ കടന്നു പോവുന്ന അയ്യപ്പഭക്തനന്മാരുടെ ഇടത്താവളമായി ഈ സര്‍ക്കാര്‍ വിശ്രമകേന്ദം ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെ മലയാറ്റൂര്‍ പള്ളിയിലേക്ക് നടന്നു പോവുന്ന ഭക്തന്മാരും ഈ കേന്ദ്രത്തെ വിശ്രമിക്കുവാനായി   തിരഞ്ഞെടുക്കുന്നുണ്ട്.
ഇവിടെയെത്തുന്ന എല്ലാ മതത്തിലുംപ്പെട്ട  ഭക്തന്മാര്‍ക്ക് മുസ്്‌ലിം സഹോദരങ്ങളാണ് വിശ്രമ കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നത്. എന്നാല്‍ ചില സ്വകാര്യ വ്യക്തികള്‍ എംസി റോഡിനരികിലുള്ള കണ്ണായ സ്ഥലം കൈവശപ്പെടുത്തുവാന്‍ അണിയറയില്‍ പലനീക്കങ്ങളും നടത്തുന്നുണ്ട്. നാട്ടുകാരുടെ ശക്തമായ ചെരുത്തുനില്‍പു കൊണ്ടാണ് നിലവിലുള്ള സ്ഥലം അവശേഷിക്കുന്നത്.
ജീര്‍ണാണാവസ്ഥയിലായ കെട്ടിടവും സ്ഥലവും  സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി  ടൂറിസം വകുപ്പോ സാംസ്‌ക്കാരിക വകുപ്പോ ഏറ്റെടുക്കണമെന്ന് സാംസ്‌ക്കാരിക സംഘടനയായ പള്ളിച്ചിറങ്ങര ഫോക്കസ് ക്ലബ്ബിന്റെ സെക്രട്ടറി എം എ നൗഷാദ് പറഞ്ഞു.  എം സി റോഡിലൂടെയുള്ള ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ  വിശ്രമകേന്ദ്രം നിര്‍മിക്കുന്നതോടൊപ്പം  സാംസ്‌ക്കാരിക കേന്ദ്രവും എല്ലാ സൗകര്യത്തോടെയുള്ള ലൈബ്രറിയും ഇവിടെ ഒരുക്കുവാന്‍ കഴിയുമെന്നും നൗഷാദ് പറഞ്ഞു. ഇവിടെ വഴിയോര വിശ്രമ കേന്ദ്ര നിര്‍മാണത്തോടെപ്പം പാതിവഴിയില്‍ നിലച്ചുപോയ പള്ളിച്ചിറ ടൂറിസം  പദ്ധതി കൂടി നടപ്പാക്കിയാല്‍ ജില്ലയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി ഇവിടം മാറും. നിലവില്‍ പൊതുമരാമത്തിന്റെ കൈവശം ഉള്ള ഭൂമി ടൂറിസം വകുപ്പിനോ സാംസ്‌ക്കാരിക വകുപ്പിനോ കൈമാറുന്നതിനുള്ള സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം.
ഇതിനായി ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും ജനപ്രതിനിധികള്‍ക്കും  നിവേദനം നല്‍കുമെന്നും നൗഷാദ് പറഞ്ഞു. വിശ്രമകേന്ദ്രവും സാംസ്‌ക്കാരിക കേന്ദ്രവും എല്ലാ സൗകര്യത്തോടു കൂടിയ ലൈബ്രറിയും ഒരുക്കിയാല്‍ പ്രദേശത്തിന്റെ വികസനത്തിന് മുതല്‍കൂട്ടാവുകയും ഒപ്പം പ്രധാനപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ കേന്ദ്രവുമായി ഇവിടെ മാറുകയും ചെയ്യും.
Next Story

RELATED STORIES

Share it