thiruvananthapuram local

പള്ളിച്ചലിലെ സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപി അലങ്കോലമാക്കി

ബാലരാമപുരം: പള്ളിച്ചല്‍ ഗ്രാമപ്പഞ്ചായത്തില്‍ സത്യപ്രതിജ്ഞ ചടങ്ങിനെ ചൊല്ലി തര്‍ ക്കം. ചടങ്ങ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അരമണിക്കൂറോളം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 11 ഓടെ പള്ളിച്ചല്‍ ഗ്രാമപ്പഞ്ചായത്ത് ഹാളിലാണ് സംഭവം അരങ്ങേറിയത്.
രാവിലെ 10ന് തന്നെ സത്യപ്രതിജ്ഞക്കായി പ്രതിനിധികള്‍ എത്തണമെന്ന് റിട്ടേണിങ് ഓഫിസര്‍ അറിയിച്ചിരുന്നു. പ്രായത്തില്‍ ഏറ്റവും മുതിര്‍ന്നയാളിന് വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലികൊടുക്കും. ബാക്കിയുള്ളവര്‍ക്ക് ഇദ്ദേഹം പ്രതിജ്ഞ ചൊല്ലികൊടുക്കുകയാണ് പതിവ്. ബിജെപിയിലെ പെരിങ്ങോട് വാര്‍ഡില്‍ വിജയിച്ച വല്‍സലകുമാരിയാണ് പ്രായത്തില്‍ മുതിര്‍ന്നതെന്നായിരുന്നു എല്ലാവരും ധരിച്ചുവച്ചിരുന്നത്.
എന്നാല്‍ ഇവര്‍ കൃത്യസമയത്ത് സത്യപ്രതിജ്ഞക്കെത്തിയില്ല. ഇവര്‍ എത്തിയാല്‍ മാത്രമേ ചടങ്ങ് നടക്കുകയുള്ളൂവെന്ന് ധരിച്ച് ബിജെപി പ്രവര്‍ത്തര്‍ ഈസമയം ജയിച്ച സ്ഥാനാര്‍ഥികളുമായി റോഡ് ഷോയിലായിരുന്നു.
ഒടുവില്‍ 11ന് പഞ്ചായത്ത് ഹാളില്‍ എത്തിയപ്പോള്‍ മൂന്നുവാര്‍ഡിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലിക്കഴിഞ്ഞിരുന്നു. ഉടന്‍ തന്നെ ഹാളിലേക്ക് കടന്ന ബിജെപി പ്രവര്‍ത്തകര്‍ ചടങ്ങിനെത്തിയവരെ ഭീഷണിപ്പെടുത്തുകയും കസേരകള്‍ എടുത്തെറിയുകയും ചെയ്തു.
എന്നാല്‍ പ്രായത്തില്‍ മുതിര്‍ന്നയാള്‍ വല്‍സലകുമാരിയല്ലെന്നു പിന്നീട് കണ്ടെത്തി. ഇവരേക്കാള്‍ ആറുമാസം മുതിര്‍ന്ന മൂന്നാംവാര്‍ഡിലെ കെ വിശ്വംഭരനാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്. നരുവാമൂട് പോലിസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ആകെ 23 വാര്‍ഡില്‍ യുഡിഎഫ് 10, എല്‍ഡിഎഫ് ഏഴ്, ബിജെപി നാല്, സ്വതന്ത്രന്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
Next Story

RELATED STORIES

Share it