Alappuzha local

പള്ളിക്കുട്ടുമ്മ വാട്ടര്‍ അതോറിറ്റി പമ്പിങ് ഓഫിസും പരിസരവും മുങ്ങിയ നിലയില്‍



രാമങ്കരി: പള്ളിക്കുട്ടുമ്മ വാട്ടര്‍ അതോറിറ്റി പമ്പിങ് ഓഫിസും പരിസരവും  അധികൃതരുടെ കടുത്ത അവഗണനയെ തുടര്‍ന്ന് വെള്ളം കയറി മുങ്ങിയ നിലയില്‍. പ്രശ്‌നം പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ആരും തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. തൊട്ടടുത്ത  വടക്കേ തൊള്ളായിരം പാടശേഖരത്തെ കര്‍ഷകര്‍  എന്നൊക്കെ രണ്ടാം കൃഷി ഉപേക്ഷിക്കുന്നോ  അന്നുമുതല്‍  ഈ ഓഫിസും പരിസരവും വെള്ളം കയറി മുങ്ങാറാണ് പതിവ്. ഈ അവഗണയ്ക്ക് നാളുകള്‍ ഏറെ ആയതോടെ  ഇവിടെ ഒന്ന് പാദം നിലത്തു തൊടുവിക്കുക പോലും ആര്‍ക്കും പ്രയാസമായി  മാറുന്നു. കുട്ടനാട്ടിലെ പ്രധാന പഞ്ചാത്തുകളായ  ചമ്പക്കുളം, പുളിങ്കുന്ന്, കാവാലം എന്നീ മൂന്ന് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം ഇവിടെ നിന്നാണ് വിതരണം ചെയ്തു വരുന്നത്. തിരുവല്ല കറ്റോട്ട് നിന്നും വരുന്ന വെള്ളം ഇവിടെ സംഭരിച്ച ശേഷം പിന്നീട് ഇവിടെ നിന്നും ഈ മൂന്ന് പഞ്ചായത്തുകളിലെ വാര്‍ഡുകളിലേക്കും വിതരണം ചെയ്യുകയാണ് പതിവ്.   പമ്പു ഹൗസിന്റെ പ്രവര്‍ത്തനത്തിന്  സ്ഥിരം ജീവനക്കാര്‍ ആരും തന്നെ ഇല്ലെന്നതാണ് മറ്റൊന്ന്.  പിന്നെ ഉള്ളത് മൂന്ന് കോണ്‍ട്രാക്ട് ജീവനക്കാര്‍ മാത്രം. ഇവര്‍ രാത്രി ഡ്യൂട്ടിക്കും മറ്റും കഷ്ടപ്പെട്ട് എത്തിയാല്‍ തന്നെ പലപ്പോഴും കറ്റോട്ട് നിന്നുമുള്ള വെള്ളം ലഭിക്കാത്തതിനാല്‍ ജോലി നടക്കാറില്ല. മൂന്ന് പേര്‍ക്കും കൂടി പതിമൂന്ന് ഡ്യൂട്ടി മാത്രം കിട്ടിയ മാസങ്ങള്‍ വരെ ഉള്ളതായാണ് അറിയുന്നത്.  ഡ്യൂട്ടി സമയത്ത് മാത്രമായ് എത്തുന്ന  ഇവര്‍ക്ക് ഓഫീസിന് ഉള്ളിലേക്ക് കയറുന്നതിന് മാത്രമായി തട്ടിക്കൂട്ടിയ ചെറിയൊര് നടവരമ്പ് ഒഴിച്ചാല്‍ ബാക്കി  മുഴുവന്‍ പ്രദേശവും വെള്ളക്കെട്ട് നിറഞ്ഞ ചതുപ്പ് പ്രദേശമായി മാറിക്കഴിഞ്ഞു. മാസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന പ്രദേശത്തെ മലിനികരണം സാംക്രമികരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിന് കാരണമായേക്കുമൊ എന്നാണ്  നാട്ടുകാര്‍ക്ക് ഒപ്പം ഈ ജീവനക്കാരുടേയും  പ്രധാന ആശങ്ക.  എന്നാലും  പ്രശ്‌നം പരിഹരിക്കുന്നതിനായി  ഗ്രാമപ്പഞ്ചായത്തോ ഉത്തരവാദപ്പെട്ട വാട്ടര്‍ അതോറിറ്റിയോ ഇതു വരെ  ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം.  കുട്ടനാട് പാക്കേജില്‍ പെടുത്തി കുട്ടനാട്ടിലെ കുടിവെള്ള വിതരണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കുന്നതിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചപ്പൊഴും ഈ ഓഫിസും പരിസരവും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നാമമാത്ര തുക പോലും ചെലവഴിക്കാന്‍ ആരും മുതിര്‍ന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.  പ്രദേശമാകെ വെള്ളം നിറഞ്ഞുകിടക്കുന്നതിന് പുറമെ  കാലവര്‍ഷം കൂടി ശക്തിമായാല്‍ ഏത് നിമിഷവും ഇവിടുത്തെ പ്രവര്‍ത്തനം തന്നെ നിലച്ചേക്കാമെന്ന സ്ഥിതിയിലാണെന്നും പറയുന്നു.  ഇതോടെ ഈ ഓഫിസിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റാമെന്നു മാത്രമല്ല              പ്രദേശത്തെ കുടിവെള്ള വിതരണവും താറുമാറാകാം.   വാട്ടര്‍ അതോറിറ്റിക്ക് ഇതൊന്നുമൊരു പുതമയല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it