malappuram local

പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് പിടിയില്‍

എടക്കര: മുസ്‌ലിം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് വഴിക്കടവ് പോലിസിന്റെ പിടിയിലായി.മൈസൂര്‍ രാജീവ് നഗര്‍ സ്വദേശി മുഹമ്മദ് തസ്‌നിം (25) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി വഴിക്കടവില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരങ്ങള്‍ പുറത്തറിയുന്നത്.
2014 മാര്‍ച്ച് 23ന് സുല്‍ത്താന്‍ ബത്തേരി ബീനാച്ചി ജുമാ മസ്ജിദില്‍ നിന്നു 27000 രൂപയും ഒരു ലാപ്‌ടോപ്പും മോഷ്ടിച്ച കേസില്‍ ബത്തേരി പോലിസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ വൈത്തിരി ജയിലിയായിരുന്ന പ്രതി ബത്തേരി കോടതിയില്‍ നിന്നു ജാമ്യം നേടി മുങ്ങുകയായിരുന്നു. പിന്നീട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് ഇയാള്‍ മോഷണം ആരംഭിച്ചു.
2015 ഡിസംബര്‍ 31ന് കോഴിക്കോട് നടക്കാവ് പോലിസ് സ്റ്റേഷനും, എഡിജിപി ഓഫിസിനും സമീപത്തുള്ള പള്ളിയുടെ മദ്രസ കുത്തിത്തുറന്ന് രണ്ട് ലാപ് ടോപ് മോഷ്ടിച്ച കേസില നടക്കാവ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫിംഗര്‍ പ്രിന്റ് പരിശോധനയില്‍ മുഹമ്മദ് തന്‍സിമാണ് മോഷണം നടത്തിയതെന്ന് വ്യക്തമായ പോലിസ് ഇയാള്‍ക്കായി മൈസൂരില്‍ അനേ്വഷണം നടത്തുന്നതിനിടയിലാണ് വഴിക്കടവില്‍ പിടിയിലായത്.
വെഴിക്കടവ് ടൗണ്‍ സലഫി മസ്ജിദില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍, സുന്നി മസ്ജിദില്‍ നിന്നും ഏഴായിരം രൂപ, എടക്കര ടൗണ്‍ എപി വിഭാഗം മസ്ജിദില്‍ നിന്നും 25000 രൂപ, ചുങ്കത്തറ വലിയ ജുമാ മസ്ജിദില്‍ നിന്നും ഒരു ലാപ് ടോപ്, മൊബൈല്‍ ഫോണ്‍, മമ്പാട് പുത്തംപള്ളിയില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
കൂടുതല്‍ പള്ളികളില്‍ പ്രതി മോഷണം നടത്തിയതായി സൂചനയുണ്ട്. മോഷണ മുതലുകള്‍ മൈസൂരിലെ കടകളിലാണു വിറ്റഴിച്ചത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊണ്ടിമുതലുകള്‍ കണ്ടെടുക്കുന്നതിനായി പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും. നിലമ്പൂര്‍ സിഐ സജീവന്റെ നേതൃത്വത്തില്‍ വഴിക്കടവ് എസ്‌ഐ കെ ബി ഹരികൃഷ്ണന്‍, സ്‌പെഷല്‍ സ്‌ക്വാഡംഗം എഎസ്‌ഐ എം അസൈനാര്‍, തോമസ്, ജയചന്ദ്രന്‍ സിപിഒമാരായ സുനില്‍ ബാബു, നാസര്‍, ജയേഷ്, സലീല്‍ബാബു എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it