kasaragod local

പള്ളം റെയില്‍വേ അടിപ്പാത നിര്‍മാണം പൂര്‍ത്തിയായി



കാസര്‍കോട്: ഇനി റെയില്‍വേ ഗേറ്റ് അടഞ്ഞ് ട്രെയിന്‍ കടന്നു പോകുന്നത് വരെ കാത്തിരിക്കേണ്ട. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി പള്ളം റെയില്‍വേ അടിപ്പാത പണി പൂര്‍ത്തിയാവുന്നു. കേന്ദ്ര റെയില്‍വേ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചെലവിലാണ്് പള്ളം അടിപ്പാത നിര്‍മിച്ചത്. പള്ളം അടിപ്പാത കൂടാതെ തൃക്കരിപ്പൂര്‍ എളമ്പച്ചി, കുമ്പള ആരിക്കാടി എന്നിവിടങ്ങളിലും അടിപ്പാതകള്‍ നിര്‍മിച്ചിരുന്നു. മൊത്ത് എട്ട് കോടി രൂപയാണ് റെയില്‍വേ ഇതിന് അനുവദിച്ചത്. കഴിഞ്ഞ ഏപ്രില്‍ ആറിനാണ് പള്ളം അടിപ്പാതയുടെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. നാലര മീറ്റര്‍ വീതിയും നാലര മീറ്റര്‍ ഉയരത്തിലുമാണ് ബ്രിഡ്ജ് പണിതത്. ബ്രിഡ്ജിന്റെ ഇരുവശത്തും 35 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡും നിര്‍മിച്ചിട്ടുണ്ട്. മഴവെള്ളം ഒഴുകി പോകാന്‍ ആധുനിക രീതിയിലുള്ള ഡ്രൈനേജാണ് നിര്‍മിച്ചിട്ടുള്ളത്. ആരിക്കാടിയിലും എളമ്പച്ചിയിലും പണിത അടിപ്പാതകള്‍ മഴവെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയേറേ യാണെന്ന് പരിസരവാസികള്‍ പറഞ്ഞു. എന്നാല്‍ പള്ളം അടിപ്പാതയില്‍ ഇത്തരം പോരായ്മകള്‍ ഇല്ലാത്തതും കേരളത്തിലെ റെയില്‍വേ വകുപ്പിന്റെ നവീന രീതിയിലുള്ളതുമാണ് ഇത്. നേരത്തേ മേല്‍പാലം നിര്‍മിക്കാനായിരുന്നു റെയില്‍വേയുടെ അനുമതി ലഭിച്ചിരുന്നത്. എന്നാല്‍ മേല്‍പാലം നിര്‍മിച്ചാല്‍ പരിസരത്തെ നിരവധി വ്യക്തികളുടെ വീടുകളും കെട്ടിടങ്ങളും പൊളിച്ച് മാറ്റേണ്ടി വരുന്നതിനാല്‍ നഗരസഭാംഗം ഹാരിസ് ബെന്നുവിന്റെ നേതൃത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. തുടര്‍ന്ന് എന്‍ എ നെല്ലിക്കുന്ന് മുഖാന്തിരം പി കരുണാകരന്‍ എംപിക്ക് നിവേദനം നല്‍കിയതിന്റെ ഫലമായി റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അടിപ്പാത നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിര്‍മാണം പൂര്‍ത്തിയായ റെയില്‍വേ അടിപ്പാത അടുത്ത മാസം തുറന്ന് കൊടുക്കും. നെല്ലിക്കുന്ന്, പള്ളം, കസബ, ചേരങ്കൈ കടപ്പുറം ഭാഗത്തെ നൂറുകണക്കിന് ആളുകള്‍ക്ക് ഏറെ പ്രയാജനമാകുന്നതാണ് പള്ളം റെയില്‍വേ അടിപ്പാത. നിരവധി അപകടങ്ങള്‍ നടക്കുന്ന മേഖലകൂടിയായിരുന്നു പള്ളം റെയില്‍വേ ഗേറ്റ് പരിസരം. മല്‍സ്യത്തൊഴിലാളികളടക്കുള്ളവര്‍ റെയില്‍വേ പാളം മുറിച്ചുകടന്നാണ് ഇതുവരെ ടൗണിലെത്തിയിരുന്നത്. അടിപ്പാത വന്നതോടെ യാത്രക്കാരുടെ സുരക്ഷിതത്വത്തി ന് കൂടുതല്‍ ഉറപ്പുവരും.
Next Story

RELATED STORIES

Share it