പലേടത്തും ഏറ്റുമുട്ടല്‍, സാഹിദിന്റെ മൃതദേഹം ഖബറടക്കിബന്ദ്: കശ്മീര്‍ താഴ്്‌വര സ്തംഭിച്ചു

ശ്രീനഗര്‍: ഉദ്ദംപൂരില്‍ പെട്രോള്‍ ബോംബാക്രമണത്തില്‍ ലോറി ജീവനക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ കശ്മീര്‍ താഴ്‌വര സ്തംഭിച്ചു. പലേടത്തും സുരക്ഷാസേനയും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടി. ഈ മാസം ഒമ്പതിനു നടന്ന ആക്രമണത്തില്‍ പരിക്കേറ്റ സാഹിദ് അഹ്മദ് ഞായറാഴ്ചയാണ് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ മരിച്ചത്.
ബന്ദില്‍ സംസ്ഥാനത്ത് റെയില്‍-റോഡ് ഗതാഗതം തടസ്സപ്പെട്ടു. സ്‌കൂളുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ വളരെ കുറവായിരുന്നു. എട്ടു പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂവിനു സമാനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് അടക്കമുള്ള സംഘടനകളുടെ നേതാക്കളെ വീട്ടുതടങ്കലിലാക്കി.വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സാഹിദിന്റെ മൃതദേഹം ഖബറടക്കിയത്. അനന്ത്‌നാഗില്‍ സമാധാനപരമായി വിലാപയാത്ര കടന്നുപോയതിനുശേഷം പെട്ടെന്ന് ഒരുവിഭാഗം യുവാക്കള്‍ പോലിസിനു നേരെ കല്ലെറിയുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രക്ഷോഭകര്‍ പലസ്ഥലത്തും ഗതാഗതം തടസ്സപ്പെടുത്തി.
സാഹിദിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധം നടന്ന നൗഹട്ട, സാഫ കാദല്‍, മയിസുമ, റയിന്‍പാരി, ഖന്‍യാര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച തന്നെ പോലിസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അതിനിടെ സംസ്ഥാന മന്ത്രിസഭ ഉദ്ദംപൂര്‍ പെട്രോള്‍ബോംബ് ആക്രമണത്തെ അപലപിച്ച് പ്രമേയം പാസാക്കി. മരിച്ച സാഹിദിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ആശ്വാസധനവും അടുത്ത ബന്ധുവിനു സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
സംഭവത്തില്‍ പൊതുരക്ഷാ നിയമപ്രകാരം നാലുപേരെക്കൂടി പോലിസ് അറസ്റ്റ് ചെയ്തു. നേരത്തേ അഞ്ചുപേരെ പിടികൂടിയിരുന്നു. രണ്‍ബീര്‍ ശിക്ഷാനിയമത്തിലെ 302ാം ചട്ടപ്രകാരം കൊലക്കുറ്റം ചുമത്തിയ ഒമ്പതുപേരെയും ജമ്മു കോട്ട് ല്‍വാല്‍ സെന്‍ട്രല്‍ ജയിലിലേക്കയെച്ചന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
Next Story

RELATED STORIES

Share it