thrissur local

പലിശരഹിത വിദ്യാഭ്യാസവായ്പ : കേന്ദ്രസര്‍ക്കാരിനെ സമീപിക്കും



തൃശൂര്‍: വിദ്യാഭ്യാസവായ്പ പലിശരഹിതമാക്കണമെന്നാവശ്യപ്പെട്ട് കേരള എജ്യൂക്കേഷന്‍ ലോണ്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ ജൂലൈ 14 ന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. പലിശ ഇല്ലാതാക്കുകയോ രണ്ടു ശതമാനമായി കുറയ്ക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.  വായ്പയെടുത്തവര്‍ ഭീമമായ പലിശ മൂലം മുതല്‍ അടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്ന് ഇഎല്‍ഡബ്ല്യുഒ സംഘടിപ്പിച്ച വിദ്യാഭ്യാസ വായ്പയെടുത്തവരുടെ ജില്ലാതല സംഗമത്തില്‍ വിലയിരുത്തി. പലിശ താങ്ങാനാവാതെ പലരും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പ അടച്ചു വീട്ടാന്‍ നിര്‍ബന്ധിതരാകുകയാണ്. സ്വര്‍ണ പണയ വായ്പയ്ക്ക്് പലിശ കുറവായതിനാല്‍ ബാങ്ക് വായ്പയെടുത്തവരോട് ഈ മാര്‍ഗം ഉപയോഗപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നതായും വായ്പയെടുത്തവര്‍ പറഞ്ഞു. കോഴ്‌സ് പഠിച്ചിറങ്ങിയിട്ടും ജോലി കിട്ടാത്തവരേയും തുച്ഛമായ ശമ്പളം ലഭിക്കുന്നവരേയും ബാങ്കുകള്‍ വായ്പ തിരിച്ചടവിന് ഭീഷണിപ്പെടുത്തുകയാണ്.ഇതിനായി നിരന്തരം ഫോണ്‍ ചെയ്യുകയും നോട്ടീസ് അയക്കുകയും ചെയ്യുന്നു. തന്റെ അനുമതിയോ അറിവോ കൂടാതെ ഫിക്‌സഡ് ആയി ഇട്ടിരുന്ന എട്ടുലക്ഷം രൂപ എസ്ബിഐ വിദ്യാഭ്യാസ വായ്പയിലേക്ക്് വകമാറ്റിയതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ഒരു രക്ഷിതാവ് അറിയിച്ചു. തിരിച്ചടവ് വൈകിയതിനാല്‍ സ്വന്തം പേരിലും വിദ്യാര്‍ഥിയുടെ പേരിലുമുള്ള സ്ഥലം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. ആകെയുള്ള വീടും പുരയിടവും കൂടി നഷ്ടമാകുമോ എന്ന ഭീതിയിലാണ് പലരും കഴിയുന്നത്. എഗ്രിമെന്റ് കോപ്പി നല്‍കാതെ ബാങ്ക് കബളിപ്പിച്ചുവെന്ന് ചാവക്കാട് സ്വദേശി പരാതിപ്പെട്ടു. ഇതിനെതിരേ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ബാങ്ക് വായ്പയെടുത്തവരെ കൊള്ളയടിക്കുന്ന സ്ഥിതിയാണ് നിലവില്‍. സാധാരണക്കാരന് കണക്കു കൂട്ടാന്‍ കഴിയുന്ന വിധമല്ല പലിശ ഈടാക്കുന്നത്. ഓരോ ബാങ്കിനും വ്യത്യസ്ത പലിശ എന്ന രീതി മാറി വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് ഏകീകൃത നിയമവും പലിശ സംവിധാനവും നടപ്പാക്കണം. ഭാരിച്ച സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരുടെ വായ്പ കടാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി എഴുതിത്തള്ളണം, മാനേജ്‌മെന്റ് ക്വാട്ടയിലുള്ള വിദ്യാര്‍ഥികളെ കൂടി വായ്പയുടെ പരിധിയില്‍ കൊണ്ടു വരണം എന്നു തുടങ്ങുന്ന ആവശ്യങ്ങളും സംഘടനാ നേതൃത്വം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. നാലുലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഈട് ആവശ്യമില്ല. എന്നാല്‍ ചില ബാങ്കുകള്‍ ആവശ്യക്കാരുടെ അജ്ഞത ചൂഷണം ചെയ്യുന്നു. അംഗീകൃത കോളജില്‍ നിന്നും അഡ്മിഷന്‍ പേപ്പര്‍ ഹാജരാക്കുന്ന 60 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വായ്പ എന്തു കാരണത്താല്‍ നിഷേധിച്ചാലും അത് വിദ്യാര്‍ഥിയ്്ക്ക് വെള്ളപേപ്പറില്‍ എഴുതി കൊടുക്കേണ്ട ബാധ്യത ബാങ്ക് മാനേജര്‍ക്കുണ്ട്. ജനപ്രതിനിധികള്‍, സംഘടന എന്നിവ മുഖേനയും ബാങ്കിനെ സമീപിക്കാം. സര്‍ക്കാര്‍ ജോലിയാണ് വായ്പയെടുത്തയാള്‍ക്ക് ലഭിച്ച ജോലിയായി കണക്കാക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിന് ശേഷം തിരിച്ചടവ് തുടങ്ങണമെന്നാണ് നിയമം. അതിനാല്‍ െ്രെപവറ്റ് ജോലികള്‍, താല്‍ക്കാലിക ജോലി എന്നിവ ലഭിച്ചവര്‍ ജോലി കിട്ടിയതായി ബാങ്കിനെ അറിയിക്കേണ്ട കാര്യമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. വായ്പയില്‍ പരമാവധി സര്‍ക്കാര്‍ ആനുകൂല്യം 2.40 ലക്ഷം രൂപയാണ്. വായ്പ തുക കൂടുന്നതിനനുസരിച്ച് ഈ തുകയ്ക്ക് മാറ്റമുണ്ടാകില്ല. ബാങ്ക് മാനേജര്‍മാര്‍ അനാവശ്യ ഈട് ആവശ്യപ്പെട്ടാല്‍ പരാതി നല്‍കുക. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ല.  കൂടാതെ റിലയന്‍സും വിദ്യാഭ്യാസ വായ്പയെടുത്തവരും തമ്മില്‍ യാതൊരു ബന്ധവുമില്ല. റിലയന്‍സ് കമ്പനികളില്‍ നിന്നുള്ള ഫോണ്‍വിളി അവഗണിക്കാനും ഭാരവാഹികള്‍ അറിയിച്ചു. കെഎസ്ആര്‍ടിസിഎംപ്ലോയീസ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സംഗമം ഇഎല്‍ഡബ്ല്യു ഒ സംസ്ഥാന സെക്രട്ടറി ഇവി തോമസ് ഉദ്ഘാടനം ചെയ്തു.  മംഗലാത്ത് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംഘടന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it